പാലാ:വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് പേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഞൊണ്ടിമാക്കൽ ചേന്നാട്ട് ജോയ് ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം വീട്ടിൽ അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23) എന്നിവരെയാണ് പാലാ ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പാലായ്ക്കു സമീപമുള്ള ഒരു പാൽ കമ്പനിയിൽ കഴിഞ്ഞ ഏതാനും ദിവസമായി ജോലി ചെയ്തുവന്നിരുന്ന പ്രതികൾ. അജീറും അജ്മലും ശ്രീജിത്തും ചേർന്നാണ് ബൈക്ക് മോഷ്ടിച്ചത്. പിന്നീട് തജ്മലിന് കൈമാറുകയായിരുന്നു. കഞ്ചാവ് കേസുകളിലും വധശ്രമകേസിലും പ്രതിയായ തജ്മൽ ബൈക്ക് ഇരുപതിനായിരം രൂപയ്ക്കു വാങ്ങി കഞ്ചാവുകടത്തിന് ഉപയോഗിച്ച് വരികയായിരുന്നു.