സഹായവുമായി ട്രൈബൽ ഫിഷറീസ് കോഓപ്പറേറ്റീവ് സൊസൈറ്റി


കട്ടപ്പന: ജില്ലയിലെ പശ്ചിമഘട്ട മേഖലകളിലെ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ലൈസൻസോടെ മത്സ്യബന്ധം നടത്തുന്ന ആദിവാസികൾക്ക് സൗജന്യമായി വള്ളവും വലയും. അഞ്ചുരുളിയിലും പരിസര പ്രദേശങ്ങളിലുമായി മീൻപിടിച്ച് ഉപജീവനം നടത്തുന്ന 20 പേർക്കാണ് ട്രൈബൽ ഫിഷറീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹായം. 5 വീതം ഫെബർ വള്ളങ്ങളും ചങ്ങാടങ്ങളും 10 വലകളും നാളെ ഇവർക്ക് കൈമാറും. ഇതിനായി 40,000ലധികം രൂപയാണ് സൊസൈറ്റിചെലവഴിച്ചത്. 24 ആദിവാസികൾ സൊസൈറ്റിയിൽ അംഗങ്ങളാണെങ്കിലും 20 പേരാണ് ഇപ്പോഴും സജീവമായി മത്സ്യബന്ധനം നടത്തുന്നത്.
ആദിവാസികളായ മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് സൊസൈറ്റി വിശദമായ പദ്ധതി തയാറാക്കി 6 മാസം മുമ്പ് ബന്ധപ്പെട്ട വകുപ്പിന് സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. തൊഴിലാളികൾക്ക് ഇൻഷൂറൻസ്, സുരക്ഷ ഉപകരണങ്ങൾ തുടങ്ങിയ നിർദേശങ്ങളാണ് പദ്ധതിയിലുള്ളത്. പതിറ്റാണ്ടുകളായി യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെയാണ് ഇവർ ഇടുക്കി ജലാശയത്തിൽ മത്സ്യബന്ധനം നടത്തുന്നത്. അതേസമയം ലൈസൻസ് ഇല്ലാതെ മീൻപിടിക്കുന്നവരെ നിയന്ത്രിക്കാൻ വനം വകുപ്പ് ഇടപെടണമെന്നും സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാളെ വൈകിട്ട് 4ന് അഞ്ചുരുളിയിൽ നടക്കുന്ന യോഗത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് വള്ളവും വലയും വിതരണം ചെയ്യും. കാർഷിക മേഖലയിൽ മികവ് പുലർത്തിയവർക്ക് പരിസ്ഥിതി പ്രവർത്തകൻ സന്തോഷ് ബെല്ലാരി പുരസ്‌കാരങ്ങൾ നൽകും. കാഞ്ചിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോയി ജോസഫ്, സൊസൈറ്റി പ്രസിഡന്റ് രാജൻ മാധവൻ, അഡൈ്വസറി ബോർഡ് അംഗങ്ങളായ ലക്ഷ്മണൻ കുളമാവ്, ജോർളി ദേവസ്യ, ഒ.സി. ടോമി എന്നിവർ പങ്കെടുക്കും.