കട്ടപ്പന: ഒരുവിഭാഗം ഉദ്യോഗസ്ഥർ കട്ടപ്പന ഡി.ഇ. ഓഫീസിന്റെ പ്രവർത്തനം അട്ടിമറിക്കുന്നതായി മനുഷ്യാവകാശ സംരക്ഷണ വേദി ആരോപിച്ചു. അദ്ധ്യാപകരടക്കമുള്ളവരുടെ ആനുകൂല്യങ്ങൾ നൽകാതെ കാലതാമസം വരുത്തുകയാണ്. വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നിന്നു വിരമിച്ച പ്രഥമാദ്ധ്യാപിക റോസമ്മ ജോസഫിന്റെ പെൻഷൻ ആനുകൂല്യം വൈകിപ്പിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതായി ഭാരവാഹികൾ ആരോപിച്ചു. ഇതു സംബന്ധിച്ച് ഓഫീസ് ജീവനക്കാരനെതിരെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി, വിജിലൻസ്, ആന്റി കറപ്ഷൻ ബ്യൂറോ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി വൈകുകയാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കട്ടപ്പന ഡി.ഇ.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. പടി വാങ്ങുന്നതായി മ്ലാമല, വണ്ടൻമേട് സ്‌കൂളുകളിലെ അടക്കം നിരവധി പേരുടെ ആനുകൂല്യങ്ങൾ തടഞ്ഞിരിക്കുന്നു. ഡി.ഇ.ഒയുടെ പങ്കും അന്വേഷിക്കണം. ഓഫീസിൽ വർഷങ്ങളായി നടത്തിയ ഓഡിറ്റ്, പരിശോധനകൾ, നിയമനം പാസാക്കൽ, അന്വേഷണ റിപ്പോർട്ടുകൾ, എൻ.ഒ.സി. തുടങ്ങിയ മുഴുവൻ രേഖകളും പുനപ്പരിശോധിക്കാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നും ചെയർമാൻ റെജി ഞള്ളാനി, സെക്രട്ടറി എം.എൽ. ആഗസ്തി എന്നിവർ ആവശ്യപ്പെട്ടു.