പാലാ: നഗരത്തിലെത്തുന്ന മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും ഇനി ജാഗ്രതൈ! പാലാ നഗരം മുഴുവൻ ഒപ്പിയെടുക്കുന്ന കാമറക്കണ്ണുകൾ നിങ്ങൾക്ക് പിന്നാലെയുണ്ട്. പാലാ നഗരസഭ മുൻകൈയെടുത്ത് ഒന്നര വർഷം മുമ്പു നടത്തിയ നഗര നീരീക്ഷണ പദ്ധതി അന്ന് തുടക്കത്തത്തിലേ തന്നെ പാളിയിരുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ 16 സി.സി.ടി.വി. കാമറകൾ സ്ഥാപിക്കുകയും നഗരസഭാ ചെയർമാന്റെ ചേമ്പറിലും പാലാ പൊലീസ് സ്റ്റേഷനിലും ഇതിന്റെ സ്‌ക്രീൻ മോണിട്ടർ സ്ഥാപിക്കുകയും ചെയ്തിരുന്നു. 15 ലക്ഷത്തിൽപ്പരം രൂപാ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ ഒന്നര മാസം കഴിഞ്ഞതോടെ ആരോ സി.സി.ടി.വി കേബിളുകൾ തകരാറിലാക്കി. ഇതേ തുടർന്ന് സ്‌ക്രീൻ മോണിട്ടറിൽ 3 കാമറകളുടെ മാത്രം വീഡിയോകളേ ലഭിച്ചിരുന്നുള്ളൂ. ഇതു ശ്രദ്ധയിൽപ്പെട്ട നഗരസഭാ ചെയർമാൻ ആന്റോ ജോസും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും സി.സി.ടി.വി കാമറകൾ മുഴുവൻ അടിയന്തിരമായി പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കുകയായിരുന്നു.

രണ്ട് ദിവസം, എല്ലാം റെഡി

ടെക്‌നീഷ്യന്മാരെ വരുത്തി കാമറകൾ പരിശോധിച്ചപ്പോൾ നിസാരമായ തകരാറുകളെയുള്ളൂവെന്ന് കണ്ടെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ കേടുപാടുകൾ തീർത്തു. ഇന്നലെ ഉച്ചയോടെ ചെയർമാന്റെ ചേംബറിലെ സ്‌ക്രീൻമോനിട്ടറിൽ 15 കാമറകളിലെ വീഡിയോകളും തെളിഞ്ഞു.

സി.സി.ടി.വി കാമറകൾ പ്രവർത്തിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിച്ച നഗരസഭാ ചെയർമാൻ ആന്റോ ജോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവരെ നഗരത്തിലെ വ്യാപാരി സമൂഹം അഭിനന്ദിച്ചു.