kerala

കോട്ടയം: റബറിന്റെയും കായലിന്റെയും നാടായ കോട്ടയം ജില്ലയിൽ തിരഞ്ഞെടുപ്പുരംഗം സജീവമായി. യു.ഡി.എഫിന് മുൻതൂക്കമുള്ള ജില്ലയിൽ കേരള കോൺഗ്രസിന് ഏറെ വേരോട്ടമുള്ള മണ്ഡലങ്ങൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ സമവായങ്ങൾ മറിഞ്ഞുതിരിഞ്ഞതോടെ ഇക്കുറി ആര് വിജയിച്ചു കയറുമെന്നത് കണ്ടുതന്നെ അറിയണം.

കേരളത്തിന്റെ വടക്കും തെക്കും മണ്ഡലങ്ങൾ ആര് വിജയക്കൊടി പാറിച്ചാലും കോട്ടയം ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളും യു.ഡി.എഫിനോടൊപ്പമായിരുന്നു മുൻ വർഷങ്ങളിലെല്ലാം. എന്നാൽ, ഇക്കുറി കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി ഇല്ല. ചങ്ങനാശേരി വർഷങ്ങളായി സ്വന്തമാക്കിയ സി.എഫ്. തോമസുമില്ല. ഇവിടങ്ങളിൽ എന്തു സംഭവിക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകർ സസൂഷ്മം നിരീക്ഷിച്ചുവരികയാണ്.

മാണിയില്ലാത്ത പൊതുതിരഞ്ഞെടുപ്പ്

ജില്ലയിൽ 9 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2016ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന് നാല് മണ്ഡലങ്ങൾ സ്വന്തമാക്കാൻ സാധിച്ചിരുന്നു. കോൺഗ്രസിന് രണ്ടും സി.പി.എം, സി.പി.ഐ, ജനപക്ഷം എന്നിവർക്ക് ഓരോ സീറ്റ് വീതവും ലഭിച്ചു. കെ.എം. മാണിയുടെ വേർപാടിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ ജനതാ ദൾ പ്രതിനിധി മാണി സി.കാപ്പൻ പാലാ സീറ്റ് സ്വന്തമാക്കി. 2020-ൽ കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലെത്തിയതോടെ കാഞ്ഞിരപ്പള്ളി പ്രതിനിധി ജയരാജ് ഇപ്പോൾ ഇടുതുമുന്നണിയിലായി. പാലായിൽ മാണി സി. കാപ്പനാവട്ടെ യു.ഡി.എഫ് പാനലിലാവും ഇക്കുറി മത്സരിക്കുക.

പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ യു.‌ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഇവിടെ ഇടതുമുന്നണി ഗോദയിലിറക്കുക കഴിഞ്ഞതവണ ഇവിടെ മത്സരിച്ച ജയ്ക് സി. തോമസായിരിക്കുമെന്നാണ് അറിയുന്നത്.

റബ്ബർവില മുഖ്യവിഷയമാകും

റബർ വില തന്നെയാവും ഇപ്രാവശ്യവും തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമാവുക. ജില്ലയിൽ ഇക്കുറി ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം പാലാ ആയിരിക്കും. ഇടതുമുന്നണിയോടൊപ്പം നിന്ന് പാലായിൽ വിജയിച്ച് മുന്നണിയോട് അകന്നുമാറിയ മാണി സി. കാപ്പനെ തറപ്പറ്റിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെയും ജോസ് കെ. മാണിയുടെയും അജണ്ട. എന്നാൽ, യു.ഡി.എഫ് കാപ്പനൊപ്പം ശക്തമായി രംഗത്തുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പി തങ്ങളുടെ നിറസാന്നിദ്ധ്യം വ്യക്തമാക്കി ക്കഴിഞ്ഞു. മുത്തോലി, എലിക്കുളം ഉൾപ്പെടെ പല പഞ്ചായത്തുകളും ഭരണം പിടിച്ചടക്കുകയും ചെയ്തു. ജില്ലയിൽ ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമായി കാഞ്ഞിരപ്പള്ളി മാറിക്കഴിഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥി വി.എൻ. മനോജ് 31,411 വോട്ടുകളാണ് കഴിഞ്ഞതവണ പിടിച്ചത്. ഇിടെ വിജയിച്ച യു.ഡി.എഫ് പോലും ഇത് നിസാരമായി കാണുന്നില്ല. ഇപ്പോൾ ഇടതുമുന്നണിയിലുള്ള എൻ. ജയരാജ് 53,126 വോട്ടുകളാണ് പിടിച്ചത്. സി.പി.ഐയിലെ വി.ബി. ബിനു പിടിച്ചത് 49,236 വോട്ടുകളായിരുന്നു.

മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ നിരന്നുകഴിഞ്ഞു. എന്നാൽ, പരസ്യമായി ആരും തന്നെ രംഗത്ത് ഇറങ്ങിയിട്ടുമില്ല. ഒരിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. സി.പി.എം യുവതലമുറയെ കളത്തിലിറക്കി മണ്ഡലങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസും ജനപിന്തുണയുള്ളവരെയാവും ഗോദയിലിറക്കുക. എൻ.ഡി.എയും കരുത്തരായവരെയാവും സ്ഥാനാർത്ഥിയാക്കുക.

ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ?‌

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എവിടെ നില്ക്കുമെന്നതിനെക്കുറിച്ച് ധാരണയായിട്ടില്ല. പാലായിലായിരിക്കും നില്ക്കുക. എന്നാൽ, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ കരുത്തനായ എതിരാളി മോൻസ് ജോസഫിനെതിരെ കടുത്തുരുത്തിയിൽ മത്സരിക്കാനും ഇടയുണ്ട്. വരും ദിവസങ്ങളിൽ ചിത്രങ്ങൾ വ്യക്തമാവും.

കഴിഞ്ഞതവണ പൂഞ്ഞാറിൽ മത്സരിച്ച പി.സി. ജോർജ് മൂന്നു മുന്നണികളെെയും തറപറ്റിച്ചാണ് സഭയിലെത്തിയത്. ഇക്കുറിയും ജോർജ് ഒരു മുന്നണിയിലുമില്ല. തനിച്ച് പോർക്കളത്തിലിറങ്ങാനാണ് ജോർജിന്റെ തീരുമാനം. എന്നാൽ, എൻ.ഡി.എയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെവന്നാൽ ബി.ജെ.പിക്ക് പൂ‌ഞ്ഞാറിൽ സ്ഥാനാർത്ഥിയുണ്ടാവില്ല.

ജില്ലയിൽ ഇക്കുറി 15,80,348 വോട്ടർമാരാണുള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 8,08,566 സ്ത്രീവോട്ടർമാർ ഉള്ളപ്പോൾ പുരുഷവോട്ടർമാർ 7,71,772 മാത്രമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പത്ത് വോട്ടർമാരുമുണ്ട്. വോട്ടർമാർ കൂടുതലുള്ളത് പൂഞ്ഞാറിലാണ്. 1,87,280 വോട്ടർമാരാണ് പൂഞ്ഞാറിലുള്ളത്. കുറവ് വോട്ടർമാരുള്ളത് കോട്ടയത്താണ്. 1,63,351 വോട്ടർമാർ.