youth

കോട്ടയം : ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസ് ഉപരോധിച്ചു. തിര‌ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുന്നണിയിലെ പ്രശ്നം വിജയത്തെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ 11ഓടെയാണ് ഒരു വിഭാഗം നഗരത്തിൽ പരസ്യ പ്രകടനവുമായി രംഗത്ത് വന്നത്. സീറ്റ് ഒരുകാരണവശാലും വിട്ടുനൽകാൻ കഴിയില്ലെന്നറിയിച്ച പ്രവർത്തകർ ഡി.സി.സി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ രണ്ട് തവണയും കേരള കോൺഗ്രസ് പരാജയപ്പെട്ട ഏറ്റുമാനൂർ ഇനിയും വിട്ടുകൊടുത്താൽ അത് കോൺഗ്രസിന്റെ പരാജയമാകുമെന്ന് നേതാക്കൾ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ റിബൽ ഭീഷണിയും ഉയർത്തിയിട്ടുണ്ട്.

മാദ്ധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫീസ് ഉപരോധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിയ്ക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.