pakshi

കോട്ടയം: വീട്ടിലെ സ്വീകരണ മുറിയിൽ കടന്നുകയറി അലങ്കാര ചെടിയിൽ കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് കൊണ്ടുപോകാൻ ഇണക്കിളികൾ കാരാപ്പുഴ വില്ലിച്ചിറ ബേബി ക്ലമന്റിന്റെ വീട്ടിൽ വീണ്ടുമെത്തി.

ഇരട്ടത്തലച്ചി കുടുംബം വീട്ടുകാരെ വകവയ്ക്കാതെ വീടു കൈയേറി താമസമാക്കുന്നത് ഇന്നു മൂന്നാം വർഷമാണ്.

ഏറ്റവുമൊടുവിൽ മൂന്നാഴ്ച മുൻപാണ് ഇരട്ടത്തലച്ചിക്കുടുംബം വീട്ടിലെത്തിയത്.

പെയിന്റിംഗ് തൊഴിലാളിയായ ബേബി ക്ലമന്റും നഴ്‌സായിരുന്ന ഭാര്യ റോസമ്മയും ചേർന്ന് നാലു വർഷം മുൻപാണ് രണ്ടാം നിലയിലെ സ്വീകരണമുറിയിൽ

പ്ലാസ്റ്റിക്കിൽ അലങ്കാരച്ചെടി സ്ഥാപിച്ചത്. അലങ്കാരച്ചെടിയോടു ചേർന്നുള്ള ജനൽ തുറന്നിട്ടതാണ് ഇരട്ടത്തലച്ചിയ്ക്ക് വീട്ടിലേക്ക് വഴിതുറന്നത്.

ആദ്യം ഇണക്കിളികളെത്തി ചെടികണ്ട് സ്ഥാനമുറപ്പിക്കും. പിന്നെ ചുണ്ടിൽ കരുതുന്ന നാരുകൾ ഉപയോഗിച്ച് ഒരാഴ്ചകൊണ്ട് കൂടൊരുക്കും. രണ്ടു ദിവസം കൊണ്ട് ഒന്നോ രണ്ടോ മുട്ടയിടും.പെൺകിളി അടയിരിക്കും. രണ്ടാഴ്ചകൊണ്ട് മുട്ടകൾ വിരിയും. ആൺകിളി ഭക്ഷണവുമായി പറന്നെത്തും. രണ്ടാഴ്ച കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ചിറക് മുളയ്ക്കും. പിന്നെ വീടിനുള്ളിൽ കുസൃതിയായി... കുറുമ്പായി...

ആ പതിവിൽ സന്തോഷം മാത്രം

റോസമ്മയും ബേബിയും അല്ലാതെ ആര് കൂടിന് അടുത്തെത്തിയാലും ഇരട്ടത്തലച്ചിയുടെ കൊത്തുറപ്പാണ്. കുഞ്ഞുങ്ങൾ പറന്നു തുടങ്ങുമ്പോഴേയ്ക്കും കുടുംബം ഇതേ ജനലിലൂടെ പുറത്തേയ്ക്കു പറക്കും. പിന്നീട്, അലങ്കാരച്ചെടിയിൽ നിന്നും കൂടെടുത്ത് കളഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ അടുത്തസംഘത്തിന്റെ ഊഴമായി. ഇണക്കിളികൾ ഇതേ ചെടിയിൽ വീണ്ടും കൂടുകൂട്ടും. ആ പതിവിൽ ബേബിക്കും കുടുംബത്തിനും സന്തോഷം മാത്രം.