vote

നിയമസഭ തിരഞ്ഞെടുപ്പ് പൂരം വരവായി. ഇനി എന്തൊക്കെ കാണേണ്ടി വരുമോ ദൈവമേ എന്ന് പറയുകയാണ് ചുറ്റുവട്ടത്തുള്ളവർ. കൊവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ ഇടതു,വലതു ,ബി.ജെ.പി "വികസന യാത്രകൾ " നാടിളക്കി കടന്നുപോയി. യാത്ര വിജയിപ്പിക്കാൻ പിരിവ് കൊടുത്തു നാട്ടുകാരും വലഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പെന്ന സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞു ഇനിയാണ് ഗുണ്ടും ഗർഭം കലക്കിയുമെല്ലാമുള്ള നിയമസഭാ തിരഞ്ഞെടുപ്പെന്ന യഥാർത്ഥ വെടിക്കെട്ട് വരുന്നത്. വിവിധ മുന്നണികളിൽ സീറ്റു വിഭജന ചർച്ച തന്നെ എങ്ങമെത്താതെ നിൽക്കുകയാണ്. ഇടതുമുന്നണിയിൽ ജോസിന് കിട്ടുന്ന സീറ്റിൽ ഒരെണ്ണമെങ്കിലും കൂടുതൽ വേണമെന്ന വാശിയോടെ ജോസഫ് വിഭാഗം കടും പിടുത്തം തുടങ്ങിയതോട കോൺഗ്രസിലെ ഒരു ഡസനോളം വരുന്ന സ്ഥാനാർത്ഥി മോഹികളാണ് വെട്ടിലായത്. ജോസ് പോയതോടെ ആറ് സീറ്റ് കിട്ടുമെന്നു വിശ്വസിച്ച് സ്ഥാനാർത്ഥി കുപ്പായം തുന്നിയിരുന്ന നാട്ടുകാരായ കോൺഗ്രസ് നേതാക്കൾക്ക് മേമ്പൊടിക്ക് ഒരു സീറ്റ് പോലും കിട്ടുമെന്നുറപ്പില്ലാത്ത സ്ഥിതിയാണ്. പ്രചാരണത്തിന് പ്രവർത്തകരില്ലെങ്കിലും കൂടുതൽ സീറ്റ് വേണമെന്ന ശാഠ്യം ജോസഫ് വിഭാഗം തുടരുമ്പോൾ "മടിയിലിരുന്ന മൂർഖൻ പാമ്പിന് പകരം വന്നു കയറിയത് രാജവെമ്പാലയാണെന്ന് " കോൺഗ്രസുകാർ എങ്ങനെ പറയാതിരിക്കും!

കടുത്തുരുത്തിക്ക് പുറമേ ചങ്ങനാശേരി , ഏറ്റുമാനൂർ സീറ്റുകൾ ജോസഫ് വിഭാഗം കോൺഗ്രസിൽ നിന്ന് പിടിച്ചു വാങ്ങുന്ന സ്ഥിതി ഉണ്ടായതോടെ റിബൽ പടയെ ഇറക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യൂത്ത്കോൺഗ്രസുകാർ. ജോസഫിന് സീറ്റ് നൽകുന്നതിനെതിരെ ഏറ്റുമാനൂരിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഡി.സി.സി ഓഫീസിലേക്ക് മാർച്ചു നടത്തിയത് മാദ്ധ്യമ പ്രവർത്തകരുമായുള്ള സംഘർഷത്തിലെത്തിയത് നാണക്കേടുമായി. സിറ്റിംഗ് എം.എൽ.എ ആണെങ്കിലും രണ്ടു തവണയിൽ കൂടുതൽ മത്സരിക്കാൻ അനുവദിക്കാതെ ഇടതു പാർട്ടികൾ നിൽക്കുമ്പോൾ ജൂബിലിയും കടന്നു മുന്നേറുന്നവരാണ് കോൺഗ്രസിലെ സ്ഥിരം കഥാപാത്രങ്ങൾ . ഇരിക്കൂർ വിട്ടു കോട്ടയത്ത് മത്സരിക്കാൻ താത്പര്യം കാട്ടുന്നവർക്കും തങ്ങൾക്കൊപ്പം എങ്ങനെയും ഒരു സീറ്റ് ഒപ്പിച്ചു കൊടുക്കാൻ ശ്രമിക്കുമ്പോൾ ഷഷ്ടി പൂർത്തി പിന്നിട്ടിട്ടും ഒരു നിയമസഭാ സീറ്റിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തു നിൽക്കുന്ന യുവതലമുറയ്ക്ക് ആര്, എവിടുന്നു സീറ്റ് കൊടുക്കാൻ?

മണ്ണും ചാരിനിന്നവർ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞതു പോലെ ജോസ് പോയി ജോസഫ് വന്നാലും സീറ്റ് കൊണ്ട് അവർ പോകും. മഹിളാ കോൺഗ്രസ് നേതാവോ, കെ.പി.സി.സി നേതാവോ, പിന്നാക്ക വിഭാഗക്കാരനോ എന്നൊന്നും കോൺഗ്രസ് ഉന്നതർ പരിഗണിക്കില്ല. പ്രവർത്തകരില്ലെങ്കിലും അരമന ഇടപെട്ടാൽ ചോദിക്കുന്ന സീറ്റ് കൊടുക്കും. ചങ്ങനാശേരി , ഏറ്റുമാനൂർ സീറ്റുകൾ അരമന ഇടപെടൽ വഴി ജോസഫ് കൊണ്ടു പോയെന്നാണ് യുവകോൺഗ്രസ് നേതാക്കളുടെ പദംപറച്ചിൽ. ഇനി കാണാൻ പോകുന്ന പൂരത്തെക്കുറിച്ച് കൂടുതൽ എന്തു പറയാൻ ? ആര് ആരെയൊക്കെ കാലുവാരുമെന്നതിന് കാത്തിരിക്കുകയാണ് ചുറ്റുവട്ടം.