collector

കോട്ടയം : പോളിംഗ് ബൂത്തിൽ നേരിട്ട് എത്തി വോട്ടു ചെയ്യാൻ കഴിയാത്ത ആബ്‌സന്റീ വോട്ടർമാർക്ക് തപാൽ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോറത്തിന്റെ വിതരണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് കളക്ടർ എം.അഞ്ജന നിർദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മുഖേനയാണ് ഫോറം വിതരണം ചെയ്യുന്നത്. ഫോറം വിതരണം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാൽ ബൂത്ത് ലെവൽ ഓഫീസർമാർ പൂർണമായും ഈ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫോറം വിതരണം ചെയ്യുന്നതിന് വീടുകളിൽ പോകുന്ന ബി.എൽ.ഒമാർ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്നും പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.

ബൂത്തുകളുള്ള കെട്ടിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട പോളിഗ് ബൂത്തുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പൊളിക്കുവാനോ നവീകരണ പ്രവർത്തനങ്ങൾ നടത്തുവാനോ പാടില്ല. 10 ന് മുൻപ് പോളിംഗ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ വരണാധികാരികൾ ശ്രദ്ധിക്കണം. റാമ്പുകൾ, ടോയ് ലെറ്റ് സൗകര്യം, വൈദ്യുതി ലഭ്യത തുടങ്ങിവ ഇല്ലാത്ത സ്ഥലങ്ങളിൽ ഇവ സജ്ജമാക്കണം.ഇതിനായി അതത് സ്ഥാപനങ്ങളുടെ സഹകരണവും തേടാം. ബയോ ടോയ് ലെറ്റുകൾ ആവശ്യമെങ്കിൽ ശുചിത്വമിഷന്റെ സഹായത്തോടെ ഒരുക്കണം.