ഏറ്റെടുക്കൽ നോട്ടീസ് സ്ഥലമുടമകളുടെ വീടുകളിൽ പതിപ്പിച്ചു
പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണ നടപടികൾ അന്തിമഘട്ടത്തിലേക്ക്. സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാരിലേക്ക് സറണ്ടർ ചെയ്തു നൽകുന്നതിനുള്ള നോട്ടീസുകൾ സ്ഥലമുടമകളുടെ വീടുകളിൽ റവന്യൂ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പതിപ്പിച്ചു. നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം സ്ഥലമുടമകളുടെ അക്കൗണ്ടിലേയ്ക്ക് നൽകിക്കഴിഞ്ഞു. നേരത്തെ അനുവദിച്ച തുക റവന്യൂ ഡപ്പോസിറ്റായി ട്രഷറിയിൽ ഉടമകളുടെ പേരിൽ നിക്ഷേപിച്ചിട്ടുണ്ട്. പ്രസ്തുത തുകയും ഉടമകൾക്ക് ലഭ്യമാക്കാനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.
റവന്യൂ വകുപ്പ് ഏറ്റെടുത്ത് നൽകുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആസ്തി വകകളുടെ സർവേ റിപ്പോർട്ടും പൊതുമരാമത്ത് വകുപ്പ് തയാറാക്കി.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതോടെ ടെൻഡർ വിളിച്ചു ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി റോഡ് പൂർത്തീകരിക്കാനാവും.
പാലാ ബൈപ്പാസ് യാഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിച്ചതിലുണ്ടായ അപാകതകളെത്തുടർന്ന് നിയമക്കുരുക്കിൽപ്പെടുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിന്റെ പൂർത്തീകരണത്തിന് മാണി.സി കാപ്പൻ എം.എൽ.എ യായതോടെയാണ് തുടക്കംകുറിച്ചത്.