
കോട്ടയം : ചുട്ടുപൊള്ളുന്ന ചൂട് പശുക്കളെയും ബാധിച്ചതോടെ ജില്ലയിൽ പാൽ ഉത്‌പാദനത്തിൽ കുറവ്. രണ്ടു മുതൽ അഞ്ചു ലിറ്റർ വരെ ഉത്പാദനത്തിൽ കുറവാണ് വന്നത്. ഇതിനെ മറികടക്കുന്നതിനായി വിവിധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് കർഷകർ. മുൻ വർഷങ്ങളിൽ മാർച്ച് അവസാനത്തോടെയാണ് അതിശക്തമായ ചൂട് അനുഭവപ്പെട്ടിരുന്നത്. അതിശക്തമായ ചൂട് താങ്ങാൻ പശുക്കൾക്ക് സാധിക്കാത്തതാണ് ഉത്പാദനം കുറയാൻ കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. പശുവിനെ കുളിപ്പിക്കുന്ന സമയം കൂട്ടിയാണ് കർഷകർ ഇതിനെ തരണം ചെയ്യുന്നത്. കൂടാതെ ജലാംശം വർദ്ധിക്കുന്നതിന് ആവശ്യമായ ഭക്ഷണവും കൂടുതൽ വെള്ളവും നൽകുന്നുണ്ട്. ചിലരാകട്ടെ തണുപ്പിനായി തൊഴുത്തിൽ പച്ച നെറ്റ് കെട്ടുകയാണ്.
ചൂട് പാൽ ഉത്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. കർഷകരിൽ പലരും കൊവിഡിന്റെ പ്രതിസന്ധിയിലാണ് ഇപ്പോൾ കഴിയുന്നത്.
അഡ്വ.ജോണി ജോസഫ്
ക്ഷീരകർഷകൻ
സംഭരണത്തിലും പ്രശ്‌നങ്ങൾ
ചൂട് കാലത്ത് പാൽ സംഭരിച്ച് സൂക്ഷിക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് കർഷകർ പറയുന്നു. ശീതീകരണ ഉപകരണങ്ങൾ ഇല്ലെങ്കിൽ പാൽ പെട്ടന്ന് കേടാകും. പായ്ക്കറ്റ് പാൽ ശീതീകരിച്ച് സൂക്ഷിക്കാതെ, സാധാരണ അന്തരീക്ഷ ഉഷ്‌മാവിൽ വയ്‌ക്കുന്നത് പാൽ കേടാകാൻ കാരണമാകുന്നുണ്ട്.
നിർദേശങ്ങൾ ഇങ്ങനെ
പാൽ കറന്ന് കൂടുതൽ നേരം തുറസായ സ്ഥലത്ത് വയ്‌ക്കുന്നത് ഒഴിവാക്കുക
വേഗത്തിൽ പാൽ സൊസൈറ്റികളിൽ എത്തിക്കുക
കടകളിൽ എത്തിക്കുന്ന പാൽ എത്രയും വേഗം ഫ്രീസറിലേയ്‌ക്കു മാറ്റുക
വീട്ടാവശ്യത്തിന് വാങ്ങുന്ന പാൽ കേടില്ലാത്തതാണെന്ന് ഉറപ്പാക്കുക