
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കുള്ള കൊവിഡ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോൾ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്താൻ പാടില്ല. സാനിറ്റൈസർ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. ഉപയോഗശേഷം മാസ്‌ക്, കൈയ്യുറകൾ എന്നിവ കൊവിഡ് മാനദണ്ഡപ്രകാരം നശിപ്പിക്കാൻ ശ്രദ്ധിക്കണം. യോഗങ്ങൾ നടത്തുന്ന ഹാളുകളുടെ കവാടത്തിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ ഉണ്ടായിരിക്കണം. കഴിയുന്നതും വലിയ ഹാൾ കണ്ടെത്തുകയും, എ.സി പ്രവർത്തിപ്പിക്കാതിരിക്കുകയും ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള മുറി, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങളിൽ സോപ്പും വെള്ളവും ഉറപ്പാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം.
ഗൃഹസന്ദർശനത്തിന് 5 പേർ
ഗൃഹസന്ദർശനത്തിന് സ്ഥാനാർത്ഥിയടക്കം അഞ്ചുപേർ മാത്രമേ പാടുള്ളൂ. വീടുകളുടെ അകത്തേക്ക് പ്രവേശിക്കരുത്. കൊവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗബാധിതർ എന്നിവരുള്ള വീടുകളിൽ പ്രചരണം നടത്തുമ്പോൾ പ്രത്യേക ജാഗ്രത വേണം. പനി, ചുമ, ജലദോഷം എന്നിവയുള്ളവർ പ്രചരണത്തിന് പോകരുത്. ജാഥകളും പൊതുയോഗങ്ങളും കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. പൊതുയോഗങ്ങൾ നടത്തുന്ന മൈതാനങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങൾ ഒരുക്കണം. മൈതാനങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം.
ബോർഡുകളും ബാനറുകളും നീക്കം ചെയ്യണം
മാതൃകാ പെരുമാറ്റചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളുടെയും, സംഘടനകളുടെയും ഫ്ലക്‌സ് ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അല്ലാത്തപക്ഷം നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന മുഴുവൻ ചെലവുകളും അതത് രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.