
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നണികളിലും പാർട്ടികളിലും തർക്കങ്ങൾ രൂക്ഷമാകുന്നു. ചങ്ങനാശേരിയിലും, ഏറ്റുമാനൂരിലുമാണ് സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുന്നത്. കോൺഗ്രസിൽ സീറ്റ് മോഹികൾ കൊതിക്കുന്ന ഏറ്റുമാനൂർ കേരള കോൺഗ്രസ് ജോസഫിന് നൽകിയതാണ് യു.ഡി.എഫിലെ പൊട്ടിത്തെറിയ്ക്ക് കാരണമായത്. പ്രിൻസ് ലൂക്കോസാണ് ഇവിടെ മത്സരിക്കാൻ സാദ്ധ്യത. ഇതിനെതിരെ യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം പരസ്യപ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും മറ്റു സീറ്റുകളിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാസുഭാഷ് പരസ്യപ്രതികരണം നടത്തിയതും യു.ഡി.എഫിനെ വെട്ടിലാക്കി. കോൺഗ്രസിന് ലഭിച്ച പൂഞ്ഞാറിൽ ടോമി കല്ലാനിയ്ക്കാണ് സാദ്ധ്യതയേറെയെങ്കിലും ഐ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്. കാഞ്ഞിരപ്പള്ളിയിൽ കെ.സി.ജോസഫിനെ മത്സരിപ്പിക്കാനാനുള്ള നീക്കത്തിൽ പ്രാദേശികനേതൃത്വം എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
പിടിവിടാതെ ചങ്ങനാശേരി
ചങ്ങനാശേരിയെ ചൊല്ലി ഇടതിൽ തർക്കം മുറുകുകയാണ്. സീറ്റിനായി സി.പി.ഐ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. കേരള കോൺഗ്രസ് എമ്മിലെ ജോബ് മൈക്കിൾ മണ്ഡല പര്യടനം വരെ നടത്തി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിത നീക്കം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങനാശേരി സീറ്റ് നൽകാൻ സാധിക്കില്ലെന്ന് സി.പി.ഐ നേതൃത്വത്തെ അറിയിച്ചിരുന്നു. യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിലെ വി.ജെ.ലാലിയ്ക്കാണ് മുൻതൂക്കം. സി.എഫ്.തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസും സീറ്റിനായി രംഗത്തുണ്ട്. മോൻസ് ജോസഫ് പ്രചരണം തുടങ്ങിയിട്ടും എൽ.ഡി.എഫിൽ ജോസ് വിഭാഗത്തിന് നൽകിയ കടുത്തുരുത്തി സീറ്റിൽ ഇതുവരെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല.
കാഞ്ഞിരപ്പള്ളിയിൽ താമരത്തർക്കം
ജില്ലയിലെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ സീറ്റ് മോഹികൾ നിരവധിയാണ്. ഡോ.ജെ.പ്രമീളാദേവി, നോബിൾ മാത്യു, ജി.രാമൻ നായർ, വി.എൻ.മനോജ് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ മണ്ഡലത്തിന്റെ ക്രിസ്ത്യൻ സ്വാധീനം ഉൾപ്പെടെ വിലയിരുത്തി അൽഫോൻസ് കണ്ണന്താനം, ജേക്കബ് തോമസ് എന്നിവരിലൊരാളെ ഇറക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.