
അടിമാലി: ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ കൊല ചെയ്യപ്പെട്ട നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കല്ലാർ കുരിശുപാറയിൽ അറയ്ക്കൽ ഗോപി (64) യെയാണ് ഇന്നലെ രാവിലെ പരിക്കുകളേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഗോപിയുടെ മുഖത്തും കഴുത്തിലും ദേഹത്തും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.
രണ്ട് വർഷം മുൻപ് ഭാര്യ മരിച്ച ഗോപി ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് കുരിശുപാറ സിറ്റിയിൽ എത്തിയ ഗോപി തിരികെ വീട്ടലേക്കു പോകുന്നത് അയൽ വാസികൾ കണ്ടിരുന്നു.എട്ട്മണിയോടെ കോതമംഗലത്ത് താമസിക്കുന്ന മകൾ ഗോപിയെ വിളിച്ചിരുന്നു. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്നു എന്ന മറുപടിയും ലഭിച്ചതായി മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.എല്ലാ ദിവസവും രാവിലെ 8 മണിയോടെ ചായകുടിക്കാൻ കുരുശുപാറയിൽ എത്താറുള്ള ഗോപിയെ ഇന്നലെ കാണാതെ വന്നതോടെ ചായക്കടയിൽ സ്ഥിരമായി എത്താറുള്ള സുഹൃത്തുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ വീടിന്റെ മുൻ വശത്തെ കതക് പൂട്ടിയ നിലയിൽ കണ്ടു. തുടർന്ന് പുറകു വശത്ത് എത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇതോടെ വീടിനുള്ളിൽ കയറി പരശോധിച്ചപ്പോഴാണ് പൂട്ടിയിട്ടിരിക്കുന്ന മുറിക്കുള്ളിൽ ഗോപി മരിച്ച നിലയിൽ കട്ടിലിൽ കിടക്കുന്നത് കണ്ടത്. ഇതോടെ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബി, വെള്ളത്തൂവൽ സിഐ ആർ. കുമാർ, എസ്.ഐ മാരായ പി.ജെ. കുര്യാക്കോസ്, സജി എൻ.പോൾ, സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌ക്വാഡ്, കോട്ടയത്തു നിന്ന് സയന്റിഫിക് വിദഗ്ധർ എന്നിവരുടെ സംഘവും സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ :പരേതയായ സുമതി. മക്കൾ സ്വപ്ന, സുനിത,പരേതനായ സുരേഷ് . മരുമക്കൾ: സുജിത്, സഫീർ .