കിടങ്ങൂർ: പന്നഗംതോട്ടിൽ കല്ലിട്ടുനട തോട്ടത്തിൽചിറപാലത്തിലെ ചെക്ക് ഡാമിന്റെ പലകകൾ ഊരിവിട്ട് വെള്ളം ഒഴുക്കികളഞ്ഞതായി പരാതി. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് പലകകൾ എടുത്തുമാറ്റി വെള്ലം ഒഴുക്കിക്കളഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കിടങ്ങൂർ-അയർക്കുന്നം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തോട്ടത്തിൽചിറ പാലവും പാലത്തിന് താഴെയുള്ള ചെക്ക് ഡാമും. ഇരുപഞ്ചായത്തുകളുടേയും അനുമതിയോടെ മാത്രമെ ചെക്ക്ഡാമിന്റെ പലകകൾ ഊരിമാറ്റാനും സ്ഥാപിക്കാനും സാധിക്കുകയുള്ളുവെന്നിരിക്കെയാണ് അയർക്കുന്നം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ചെക്ക് ഡാമിന്റെ പലകകൾ ഊരിമാറ്റിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. ചെക്ക് ഡാമിൽ ജലസമൃദ്ധിയുണ്ടായിരുന്നതിനാൽ സമീപത്തെ കിണറുകളിൽ ധാരാളം വെള്ളം ലഭിച്ചിരുന്നു. എന്നാൽ ചെക്ക് ഡാമിലെ വെള്ളം ഒഴുക്കികളഞ്ഞതോടെ
പ്രദേശത്തെ കിണറുകൾ ഇനി വറ്റിവരളും. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.