haseena

ചങ്ങനാശേരി: കൊവിഡ് കാലത്തിൽ മനുഷ്യരുടെ ജീവിതശൈലിയും ആചാരങ്ങളും തൊഴിലുമടക്കം എല്ലാം മാറ്റിമറിക്കപ്പെട്ടു. പലരും കൂട്ടിലടച്ച തത്തകളായി വീടിനുള്ളിലേക്ക് ചുരുങ്ങി. വീടിനുള്ളിലെ വിരസത മാറ്റാനായി പല വിദ്യകളും സ്വയം കണ്ടെത്തിയതോട് പിന്നീടത് പലർക്കും ഉപജീവനമാർഗ്ഗമായി മാറിയ അനുഭവങ്ങളുണ്ട്. ഇതുതന്നെയാണ് ഹസീനയുടെ ജീവിതത്തിലും സംഭവിച്ചത്. കൊവിഡ് കാലത്തെ ബോറഡിമാറ്റാനായി ബോട്ടിലുകളിൽ വെറുതെ വരച്ചു തുടങ്ങിയ ചിത്രരചന ഇപ്പോൾ പ്രൊഫഷനായി മാറി. ഗാന്ധിജി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ, അയ്യൻകാളി, അംബേദ്ക്കർ, കലാഭവൻ മണി, ശ്രീബുദ്ധൻ, ശ്രീകൃഷ്ണൻ, ഗണപതി, കൈലാസനാഥൻ, കൃഷ്ണനും രാധയും, കഥകളി തുടങ്ങി നൂറുകണക്കിന് ജീവൻതുടിക്കുന്ന ചിത്രങ്ങളാണ് ഹസീനയുടെ കരവിരുതിൽ ബോട്ടിലുകളിൽ വിരിഞ്ഞത്.

ഒഴിഞ്ഞ മദ്യക്കുപ്പികൾ കിട്ടാനുള്ള ബുദ്ധിമുട്ട് പിന്നീടുള്ള ചിത്രരചന ക്യാൻവാസിലേക്ക് മാറ്റാൻ കാരണമായി. ഇത് മ്യൂറൽ പെയിന്റിംഗിലേക്ക് വഴിമാറി. നിരവധി മ്യൂറൽ പെയ്ന്റിംഗുകൾ ഇതിനോടകം വരച്ചുതീർത്തു. ബോട്ടിലുകൾക്കും ക്യാൻവാസുകൾക്കും വിട നൽകി ഇപ്പോൾ തുണികളിൽ ചിത്രങ്ങൾ വരയ്ക്കാനുള്ള പരിശ്രമത്തിലാണ് ഹസീന. പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുസമീപം ചാത്തനാട്ട് വീട്ടിൽ സി.ഡി ബാബുവിന്റെയും ജമീലയുടെയും ഇളയ മകളാണ് ഹസീന. ചിത്രരചനയിൽ ജന്മസിദ്ധമായ കഴിവുകൾ ഉണ്ടായിരുന്നെങ്കിലും അത് പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് വിവാഹിതയായ ഹസീനയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഭർത്താവ് കണ്ണൻ (രാഹുൽ) ആണ്. മക്കൾ രവീണ, ഋഷിക. ആഞ്ഞിലിത്താനം ഗവ. എൽ.പി. സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിലെ ജീവനക്കാരിയായ ഹസീനയ്ക്ക ഫേബ്രിക് പെയിന്റിംഗ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൽപര്യം.