
കോട്ടയം: വേനൽ കടുത്തതോടെ പാൽ ഉത്പാദനത്തിൽ വൻകുറവ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും പശുക്കളെ സംരക്ഷിക്കാൻ കർഷകർ നെട്ടോട്ടത്തിലാണ്. മിക്കയിടങ്ങളിലും വെള്ളത്തിന് ദൗർലഭ്യമായി. പ്രതിദിനം ഓരോ പശുവിനും രണ്ടു മുതൽ അഞ്ചു ലിറ്റർ വരെ പാലാണ് കുറഞ്ഞത്. ഇതിനെ മറികടക്കുന്നതിനായി വിവിധ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് കർഷകർ.
മുൻ വർഷങ്ങളിൽ മാർച്ച് അവസാനത്തോടെയാണ് അതിശക്തമായ ചൂട് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇക്കുറി ഫ്രെബ്രുവരിയിൽ തന്നെ ചൂട് കഠിനമായി. അതിശക്തമായ ചൂട് താങ്ങാൻ പശുക്കൾക്ക് സാധിക്കാത്തതാണ് ഉത്പാദനം കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. പശുവിനെ കുളിപ്പിക്കുന്ന സമയം കൂട്ടിയാണ് കർഷകർ ഇതിനെ തരണം ചെയ്യുന്നത്. ദിവസവും മൂന്നും നാലും നേരം പശുക്കളെ കുളിപ്പിക്കുന്നുണ്ട്. കൂടാതെ ജലാംശം വർദ്ധിക്കുന്നതിന് ആവശ്യമായ ഭക്ഷണവും കൂടുതൽ വെള്ളവും നൽകുന്നുണ്ട്. ചിലരാകട്ടെ പുറത്തുനിന്നുള്ള ചൂടിനെ അകറ്റാൻ തൊഴുത്തിൽ പച്ച നെറ്റ് കെട്ടുകയാണ്.
രണ്ടും മൂന്നും കിലോമീറ്റർ അകലെനിന്ന് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് പശുക്കളെ കുളിപ്പിക്കുന്നവരുമുണ്ട്. ഇതിന് നാനൂറും അഞ്ഞൂറും രൂപ നല്കണം. ചുരുക്കത്തിൽ പാൽ ഉല്പാദനം കുറഞ്ഞതോടെ കഷ്ടത്തിലായ ക്ഷീരകർഷകർക്ക് വെള്ളം കൊണ്ടുവരുന്നതിനുള്ള ചിലവും കൂടി താങ്ങാൻ സാധിക്കുന്നില്ല.
ചൂട് കാലത്ത് പാൽ സംഭരിച്ച് സൂക്ഷിക്കുന്നതും ശ്രമകരമായ ജോലിയായി മാറി. ശീതീകരണ ഉപകരണങ്ങൾ ഇല്ലെങ്കിൽ പാൽ പെട്ടന്ന് കേടാകും. പായ്ക്കറ്റ് പാൽ ശീതീകരിച്ച് സൂക്ഷിക്കാതെ, സാധാരണ അന്തരീക്ഷ ഉഷ്മാവിൽ വയ്ക്കുന്നത് പാൽ കേടാകാൻ കാരണമാകുന്നുണ്ട്.
പാൽ കറന്ന് കൂടുതൽ നേരം തുറസായ സ്ഥലത്ത് വയ്ക്കുന്നത് ഒഴിവാക്കണമെന്ന് പാൽ സംഭരണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. വേഗത്തിൽ പാൽ സൊസൈറ്റികളിൽ എത്തിക്കണമെന്നും കടകളിൽ എത്തിക്കുന്ന പാൽ എത്രയും വേഗം ഫ്രീസറിലേയ്ക്കു മാറ്റണമെന്നും അവർ പറയുന്നു. വീട്ടാവശ്യത്തിന് വാങ്ങുന്ന പാൽ കേടില്ലാത്തതാണെന്ന് ഉറപ്പാക്കണമെന്നും പാൽ സംഭരണ കേന്ദ്രങ്ങൾ അറിയിച്ചു.
ചൂട് കൂടിയതോടെ പാൽ സംഭരിക്കുന്ന സൊസൈറ്റികൾക്കും തലവേദനയായി. കർഷകരിൽ നിന്നും സ്വരൂപിക്കുന്ന പാൽ എത്രയും വേഗം മിൽമ പോലുള്ള കേന്ദ്രങ്ങളിൽ എത്തിക്കാൻ മിക്കപ്പോഴും അവർക്ക് കഴിയുന്നില്ല. ചൂടുകൂടുന്നതിനു മുമ്പുള്ള സംഭരണരീതിയാണ് ഇപ്പോഴും തുടരുന്നത്. അതിനാൽ പാൽ കേടായ സംഭവവും ഉണ്ടായിട്ടുണ്ട്.
പാൽ കേടായിപ്പോയാൽ സൊസൈറ്റിക്ക് വരുന്ന നഷ്ടം സഹിക്കേണ്ടത് കർഷകർ കൂടിയാണ്. അതിനാൽ പാൽ സംഭരിക്കുന്ന ഏജൻസികൾ സമയം ക്രമപ്പെടുത്തി എത്രയുംവേഗം കൊണ്ടുപോവണമെന്നാണ് സൊസൈറ്റികളുടെ ആവശ്യം.