pgm-nair

വൈക്കം : ജീവിതത്തിന്റെ രണ്ട​റ്റവും കൂട്ടിമുട്ടിക്കാൻ പൊരിവെയിലത്ത്‌ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരിയ്ക്ക് വനിതാദിനത്തിൽ ആദരം അർപ്പിച്ച് വൈക്കം ശ്രീമഹാദേവകോളേജ്. കോളേജ് എൻ.എസ്.എസ് യൂണി​റ്റിന്റെയും വനിതാ സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ കാലങ്ങളായി ലോട്ടറി വിൽക്കുന്ന ഭിന്നശേഷിക്കാരിയായ ആനന്ദവല്ലിയ്ക്കും നിരാശ്രയയായ ഗോമതിയമ്മയ്ക്കുമാണ് അദ്ധ്യാപകരും വിദ്യാർത്ഥികളുംചേർന്ന് ആദരം നൽകിയത്. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ സെ​റ്റിന പി പൊന്നപ്പനും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനുസുഗുണനും ചേർന്ന് പുതുവസ്ത്രങ്ങൾ നൽകി. വിദ്യാർത്ഥികൾ മധുര പലഹാരം വിതരണം ചെയ്തു. അദ്ധ്യാപകർ ലോട്ടറി ടിക്ക​റ്റും എടുത്താണ് യാത്ര പറഞ്ഞത്. കോളേജ് മാനേജർ ബി.മായ , അനുപ പി നാഥ് , ശ്രീലക്ഷ്മി സി നായർ ,ഗീതു കെ.എസ്, മീരാ മഹേശൻ, ശ്രീനാഥ് പി.ജെ, പാർവതി കെ.എസ്, ഇന്ദ്രജിത്ത് എന്നിവർ പങ്കെടുത്തു.