
കോട്ടയം:എൽ.ഡി.എഫ് സീറ്റ് വിഭജനത്തിൽ കീറാമുട്ടിയായിരുന്ന ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതോടെ ഇടതു മുന്നണിയിൽ ഒരാഴ്ചയിലേറെയായി ചങ്ങനാശേരിയെ ചൊല്ലിയുള്ള പോർവിളിക്കും ശമനമായി. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് വിട്ട് കൊടുക്കേണ്ടി വന്നതോടെ കോട്ടയത്ത് പകരം സീറ്റ് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ചങ്ങനാശേരി വേണമെന്ന് നിർബന്ധം പിടിച്ചു.ഈ സീറ്റ് ജോസിന് നൽകാൻ സി.പി.എം.നേരത്തേ ധാരണയായിരുന്നു.എന്നാൽ സി.പി.ഐ ഇത് അംഗീകരിച്ചില്ല.തർക്കം ഇടതുമുന്നണി സീറ്റ് വിഭജനത്തെ ബാധിച്ചതോടെ ഉന്നത നേതാക്കളുടെ ഇടപെടലിലാണ് പ്രശ്ന പരിഹാരമായത്.ഇതോടെ ജോസ് വിഭാഗത്തിന് 13 സീറ്റായി. കോട്ടയം ജില്ലയിൽ മാത്രം അഞ്ച്.സി.പി.ഐക്ക് കോട്ടയത്ത് വൈക്കം സീറ്റ് കൊണ്ട് തൃപ്തിപെടേണ്ടി വന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലായിരുന്ന കേരള കോൺഗ്രസ് എം കോട്ടയത്ത് ആറ് സീറ്റ് ഉൾപ്പെടെ 15 സീറ്റിലായിരുന്നു മത്സരിച്ചിരുന്നത്.ഇടതു മുന്നണി പ്രവേശനത്തിന് മുമ്പ് ജോസ് വിഭാഗത്തിന് കോട്ടയത്തെ അഞ്ച് സീറ്റടക്കം 12 സീറ്റ് സി.പി.എം ഉറപ്പു നൽകിയിരുന്നു. ജോസിന് പത്തിൽ താഴെ സീറ്റിനേ അർഹതയുള്ളൂവെന്നായിരുന്നു സി.പി.ഐ നിലപാട്.