road

വൈക്കം : പ്രളയകാലത്തെ അതിജീവിക്കുന്നതിനായി ഉയർത്തി നിർമ്മിച്ച റോഡിന്റെ ഇരുവശവും കുഴികളായി കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. മഴക്കാലത്ത് വെള്ളത്തിൽ മുങ്ങി ഗതാഗതം മുടങ്ങുന്നതോടെയാണ് എറണാകുളം - കോട്ടയം റോഡിലെ ചാലപ്പറമ്പ് മുതൽ തുറുവേലിക്കുന്ന് വടയാർ കലുങ്ക് വരെയുള്ള റോഡ് ഉയർത്തി നിർമ്മിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയായിട്ടും ചാലപ്പറമ്പ് മുതൽ വടയാർ വരെ റോഡിന് ഇരുവശവും കോൺക്രീറ്റ് ചെയ്ത് റോഡിനൊപ്പം നിരപ്പാക്കാത്തതിനാൽ അപകട സാദ്ധ്യതയേറുകയാണ്. താഴ്ച കൂടിയ പ്രദേശങ്ങൾ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്.

കോടികൾ ചെലവഴിച്ചിട്ടും

2.50 കോടി രൂപയാണ് അ​റ്റകു​റ്റപ്പണികൾക്കായി വിനിയോഗിച്ചത്. ചാലപ്പറമ്പ് ഭാഗത്ത് 38 സെന്റീമീ​റ്ററാണ് റോഡ് ഉയർത്തിയത്. ഒരാഴ്ച കൊണ്ട് പണി പൂർത്തിയായെങ്കിലും റോഡിനിരുവശവും താഴ്ച കൂടിയ പ്രദേശങ്ങൾ മണ്ണിട്ട് നിരപ്പാക്കി കോൺക്രീ​റ്റ് ചെയ്തില്ല. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരമായി നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.