paper

കോട്ടയം: കോട്ടയത്ത് അത്യന്താധുനിക പ്രിന്റിംഗ് പ്രസ് നടത്തുന്ന ജസ്റ്റിനും സോണിക്കുമൊക്കെ ഇപ്പോൾ നഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്. മാസങ്ങളായുള്ള കടലാസിന്റെ ക്ഷാമവും വില വർദ്ധനവും അച്ചടി വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. രണ്ടുപതിറ്റാണ്ടോളമായി അച്ചടിമേഖലയിലുള്ള ഇവരുടെ ഈ അവസ്ഥതന്നെയാണ് ജില്ലയിലെ നൂറോളം പ്രസുകാർക്കും. കടലാസ് വില കുറയ്ക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ബെഞ്ചമിൻ ബെയ്‌ലിയിലൂടെ അച്ചടിയുടെ ചരിത്രത്തിലിടം നേടിയ കോട്ടയത്തിന് ഇന്ന് നഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്. ജില്ലയിലുണ്ടായിരുന്ന വലതും ചെറുതുമായ 120 പ്രസുകളിൽ 30 ലേറെ പൂട്ടി. പുതിയ സാങ്കേതിക വിദ്യയിലേയ്ക്ക് മാറി ശേഷിച്ചവ പിടിച്ചു നിന്നെങ്കിലും ഇപ്പോൾ അവയും പ്രതിസന്ധിയിലാണ്. 50 ശതമാനമാണ് കടലാസിന്റെ വില ഉയർന്നത്. 60 രൂപയായിരുന്ന കടലാസ് വില 90ലെത്തി. കൊവിഡിനെ തുടർന്ന് ഇറക്കുമതി വൈകുന്നതും വിദേശ നിർമ്മിത ആർട്ട് പേപ്പറിന് കടുത്ത ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നു. മഷി, കെമിക്കൽസ് മുതലായ അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായി വർദ്ധിച്ചു.

 അച്ചട‌ി ജോലികൾ അയൽസംസ്ഥാനങ്ങളിലേയ്ക്ക്

പ്രളയാഘാതത്തിൽ നിന്ന് ജില്ലയിലെ ഭൂരിഭാഗം പ്രസുകളും കരകയറി വരുമ്പോഴാണ് കൊവിഡെത്തിയത്. ലോക്ക്ഡൗണിന് ശേഷവും അച്ചടി ജോലികൾ കുറഞ്ഞു. മിക്ക പ്രസുകളും ശേഷിയുടെ പകുതിയിൽ താഴെയേ ഉപയോഗിക്കുന്നുള്ളൂ. അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കടലാസും അസംസ്‌കൃത വസ്തുക്കളും എത്തുന്നത്. അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ നിരക്കാണ് ഇവിടെ. ഇതോടെ വൻകിടക്കാർ അച്ചടി ജോലികൾ അന്യസംസ്ഥാനങ്ങളിലെ പ്രസ്സുകാരെ കൂടുതലായി ഏൽപ്പിക്കുകയാണ്.

പ്രിന്റിംഗ് മേഖലയിൽ

2000 കുടുംബങ്ങൾ

ആവശ്യങ്ങൾ

 തിരഞ്ഞെടുപ്പ് അച്ചടി ജോലികൾ സംസ്ഥാനത്ത് തന്നെ നൽകുക

 വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പർ നിർമിക്കുക

 കടലാസിന്റെ വിലവർദ്ധന പരിഹരിക്കാൻ സർക്കാർ ഇടപെടുക

'' കടലാസ് വില വർദ്ധനവിന് ആനുപാതികമായി അച്ചടി ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ട അവസ്ഥയാണ്. ''

- സോണി ജോർജ് (മാസ്റ്റർ പ്രിന്റേഴ്‌സ് അസോ.)