ചങ്ങനാശേരി: പാഞ്ഞെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ. വാഹനങ്ങൾക്കിടയിലൂടെ ഞെങ്ങിഞെരുങ്ങി കടന്നുപോകുന്ന കാൽനടയാത്രക്കാരും. ഇത് ചങ്ങനാശേരി എം.വൈ.എം.എ. റോഡിലെ പതിവ് കാഴ്ചയാണ്. പലപ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയിൽ വലിയ അപകടത്തിൽ നിന്ന് കാൽനടയാത്രക്കാർ രക്ഷപെടുന്നു എന്ന് മാത്രം. സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ എം.വൈ.എം.എ റോഡിലൂടെയാണ് ടി.ബി റോഡിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ റോഡിന്റെ വീതിക്കുറവ് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. സ്‌റ്റേഡിയം റോഡിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എം.വൈ.എം.എ. റോഡിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല. റോഡുകൾ ചേരുന്ന ഭാഗത്ത് ഇടത്തും വലത്തും വലിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നതാണ് കാരണം.സ്റ്റേഡിയം റോഡിൽ ഈ ഭാഗത്ത് മുൻപ് ഹമ്പ് സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് ടാറിംഗിനെ തുടർന്ന് ഹമ്പ് ഇല്ലാതാകുകയായിരുന്നു. ഇതുമൂലം അമിതവേഗതയിലെത്തുന്ന വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ ഇടി നിത്യസംഭവമാണ്. തലനാരിഴയ്ക്കാണ് പലപ്പോഴും ആളപായങ്ങൾ ഒഴിവാകുന്നത്. സ്റ്റേഡിയം റോഡിൽ ഹമ്പ് പുനഃസ്ഥാപിക്കുകയും റോഡിന് എതിർവശത്ത് സ്ട്രീറ്റ് മിറർ സ്ഥാപിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

കണ്ടില്ലെന്ന് നടിക്കരുത്

എം.വൈ.എം.എ റോഡിൽ മൂന്നും നാലും അപകടങ്ങളുണ്ടായ ദിവസങ്ങളുണ്ട്. അപകടമൊഴിവാക്കാൻ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് പലതവണ ആവശ്യമുയർന്നെങ്കിലും അധികൃതർ മുഖംതിരിക്കുകയാണ്.