
കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിട്ടും ജന്മനാട്ടിൽ ലതികാ സുഭാഷിന് ഒരു സീറ്റ് നൽകാതെ വെട്ടിനിരത്തിയ ഉന്നത കോൺഗ്രസ് നേതാക്കളുടെ "ഒത്തുകളി" ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.
ഏറ്റുമാനൂർ സീറ്റ് ഇക്കുറി ലതികയ്ക്ക് നൽകുമെന്ന് ഉമ്മൻചാണ്ടി അടക്കം ഉന്നത കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകിയിരുന്നു. ഇതു വിശ്വസിച്ച് ലതിക പ്രചാരണവും ആരംഭിച്ചിരുന്നു. അവസാനം നല്ലൊരു സ്ഥാനാർത്ഥി പോലുമില്ലാത്ത കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിനായി ലതികയ്ക്ക് പറഞ്ഞു വച്ചിരുന്ന സീറ്റ് . ഇതിനെതിരെ ഏറ്റുമാനൂരിലേ കോൺഗ്രസുകാർ ഡി.സി.സി ഓഫീസ് മാർച്ച് നടത്തിയെങ്കിലും ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് വെല്ലുവിളി ഉയർത്തുമായിരുന്ന ലതികയെ വെട്ടി .
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ഏറെ ശ്രദ്ധേയയായ ലതികാ സുഭാഷിനെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസ്.അച്ചുതാനന്ദനെതിരെ ചാവേറാക്കി നിറുത്തി തോൽപ്പിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണത്തിൽ വനിതാ കമ്മിഷൻ അംഗത്വം പോലും നൽകിയില്ല . പകരം ഇപ്പോൾ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ. പ്രമീളാദേവിക്കാണ് നൽകിയത് . ബിന്ദു കൃഷ്ണ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാന മൊഴിഞ്ഞതോടെയാണ് ലതിക ആ സ്ഥാനത്തെത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥി പരിഗണനയിൽ വനിതകൾക്ക് 20 ശതമാനം സീറ്റു നൽകണമെന്ന് മഹിളാ കോൺഗ്രസ് എ.ഐ.സി.സിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ സംസ്ഥാന പ്രസിഡന്റിന് ജയസാദ്ധ്യതയുള്ള സീറ്റ് നിഷേധിച്ച് വെട്ടിനിരത്തുന്ന നിലപാടാണ് കോട്ടയത്തെ ഉന്നത കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്.
ഏറ്റുമാനൂർ സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് ലതിക ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ഉണ്ടായെങ്കിൽ അവർ നിഷേധിച്ചു.
കോൺഗ്രസിന് ശക്തിയുള്ള ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതിന് പകരം കാഞ്ഞിരപ്പള്ളി , പൂഞ്ഞാർ സീറ്റുകൾ കോൺഗ്രസിന് ലഭിച്ചു. ഇതിൽ കാഞ്ഞിരപ്പള്ളിയിൽ ലതികയെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരിക്കൂർ വിട്ടു വരുന്ന കെ.സി ജോസഫിനെ കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിക്കുകയാണ്. പൂഞ്ഞാറിലേക്കും മറ്റു പുരുഷ സ്ഥാനാർത്ഥികളുടെ ഇടിയാണ്. ലതികയ്ക്ക് ഏറെ ജയസാദ്ധ്യതയുള്ള ഏറ്റുമാനൂരിന് പകരം ജയസാദ്ധ്യത കുറഞ്ഞ ചെങ്ങന്നൂർ, ആറന്മുള മണ്ഡലങ്ങളിലേക്ക് ലതികയെ പരിഗണിക്കുന്നുണ്ടെന്നാണ് നേതാക്കൾ ഇപ്പോൾ പറയുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ലതിക അറിയിച്ചു.
സീറ്റ് കിട്ടാത്തതിൽ വിഷമം
" ഏറ്റുമാനൂർ ജനിച്ചു വളർന്ന സ്ഥലമായതിനാൽ ജയസാദ്ധ്യത ഏറെയുണ്ട്. ജില്ലാ പഞ്ചായത്തിൽ വിജയിച്ചതും ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചായിരുന്നു. അവിടുത്തെ വോട്ടർമാരെ അടുത്തറിയാം. ആ സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ട്. അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായതിനാൽ പാർട്ടി പറയുന്നത് അനുസരിക്കും.
- ലതികാ സുഭാഷ് .