കട്ടപ്പന: വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിൽ കോടികൾ ചെലവഴിച്ച് നിർമിച്ച അമിനിറ്റി സെന്റർ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പത് വർഷമായിട്ടും തുറക്കാൻ നടപടിയില്ല. സന്ദർശകർക്ക് ഏറെ പ്രയോജനപ്പെടേണ്ട വിശ്രമകേന്ദ്രം തുരുമ്പെടുത്ത് നശിക്കുകയാണ്. വാഗമണ്ണിന്റെ പ്രവേശന കവാടമായ സൊസൈറ്റി ജംഗ്ഷനിൽ 2012ൽ മൂന്ന് കോടി രൂപ ചെലവഴിച്ച് വിപുലമായ സൗകര്യങ്ങളോടെ നിർമിച്ച അമിനിറ്റി സെന്റർ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനിൽകുമാറാണ് ഉദ്ഘാടനം ചെയ്തത്. ഭക്ഷണശാല, വിശ്രമമുറി, ഇൻഫർമേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, വി.ഐ.പി മുറി തുടങ്ങിയ സൗകര്യങ്ങളാണ് കേന്ദ്രത്തിലുള്ളത്. സന്ദർശർക്ക് താമസിക്കാൻ രണ്ട് മുറികളും ഇതോടനുബന്ധിച്ച് നിർമിച്ചിരുന്നു. ഉദ്ഘാടന സമയത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. കൂടാതെ പാർക്കിംഗിനുള്ള സ്ഥലവും ഇല്ലായിരുന്നു. മുഴുവൻ പണികളും പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തിയതും അന്ന് വിവാദമായിരുന്നു. പിന്നീട് പണികളെല്ലാം വേഗത്തിൽ പൂർത്തീകരിച്ചെങ്കിലും ഒമ്പത് വർഷമായിട്ടും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാൻ വകുപ്പിന് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ പരിസരങ്ങൾ കാടുകയറിയ നിലയിലാണ്. ചെറിയ മുതൽ മുടക്കിൽ കുടിവെള്ളവും വൈദ്യുതിയും എത്തിക്കാമായിരുന്നിട്ടും അമിനിറ്റി സെന്ററിനെ അവഗണിക്കുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സാമൂഹിക വിരുദ്ധർ കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ കേടുപാടുവരുത്തുകയും മുറികളിലെ വയറിംഗ് ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡി.ടി.പി.സി അധികൃതർ ഇവിടെ സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചു. ലോക്ക് ഡൗണിന് ശേഷം വാഗമണ്ണിൽ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചിട്ടും കേന്ദ്രം പ്രയോജനപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല.