jose

പാലാ: എൽ.ഡി.എഫിൽ കേരള കോൺ (എം) സീറ്റുകളെ സംബന്ധിച്ച് പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ.മാണിക്ക് ഒരു വിധ ടെൻഷനുമില്ല. കൂളായി പാലായിലെ മുക്കും മൂലയും അരിച്ചുപെറുക്കി ഒന്നും രണ്ടും ഘട്ട പ്രാഥമിക പ്രചാരണവും പൂർത്തിയാക്കി അദ്ദേഹം .
കേരള കോൺ (എം) മത്സരിക്കേണ്ട സീറ്റുകൾ എൽ.ഡി.എഫിന്റെ താക്കോൽ സ്ഥാനത്തുള്ളവരെ ഏല്പിച്ചിട്ടുണ്ടെന്നും അവർ അത് നീതിപൂർവ്വം തന്നെ കൈകാര്യം ചെയ്ത് ഏല്പിച്ചു കൊള്ളുമെന്നും ജോസ് കെ.മാണിക്ക് ഉറപ്പുണ്ട്. ഒരു ആവലാതിക്കും തിരുവനന്തപുരത്തേക്കില്ല, കോട്ടയത്തും പാലായിലുമായി എൽ.ഡി.എഫ് വിജയം ഉറപ്പാക്കാനുള്ള തിരക്കിലാണ് ജോസ്. കേരള കോൺഗ്രസ് എൽ.ഡി.എഫിന്റെ ഭാഗമായാലും വോട്ട് പങ്കിടൽ നടക്കില്ല എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ തെറ്റിച്ചു കൊണ്ട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ എൽ.ഡി.എഫിന് മിന്നുന്ന വിജയം ലഭിച്ചതോടെ ജോസിനെ കൂട്ടിയതിൽ ലാഭത്തിന്റെ കണക്കു മാത്രമെ എൽ.ഡി.എഫിന്റെ കണക്ക് പുസ്തകത്തിലുള്ളൂ. 20 വർഷമായി സി.പി.എം തുടർച്ചയായി വിജയിച്ചു കൊണ്ടിരുന്ന സിറ്റിംഗ് സീറ്റുകൾ പോലും ഒരു തടസവാദവുമില്ലാതെ സി.പി.എം വിട്ടു നൽകി ഒപ്പമുണ്ട് എന്ന് തെളിയിച്ചിരിക്കുകയുമാണ്.
കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ എൽ.ഡി.എഫ് വിജയത്തിനായി കേരളമൊട്ടുക്കും പോകേണ്ടതിനാൽ പാലായിലെ താഴെ തട്ട് പ്രവർത്തനം പ്രാദേശിക നേതൃത്വത്തെയും ജനപ്രതിനിധികളെയും ചുമതലപ്പെടുത്തിയിരിക്കുകയാണ് എൽ.ഡി.എഫ് ജില്ലാ നേതൃത്വം.
ജോസ് കെ.മാണിയെ പാലായിൽ മാത്രമായി നിർത്താനാവില്ലായെന്ന് എൽ.ഡി.എഫ് പാലായിലെ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയത്തിനായി എങ്ങനെ പ്രവർത്തിച്ചോ അതിലും ശക്തിയായി ഇത്തവണ രംഗത്തുവരണമെന്നാണ് താഴെ തട്ടിലേക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലായിൽ ലഭിച്ച 10,000ൽ പരം വോട്ടിന്റെ ലീഡ് 25000 എന്നതിലേക്ക് എന്നതാണ് എൽ.ഡി.എഫ് ടാർജറ്റ്.