devikulam

ഇടുക്കി: തമിഴ് വംശജർ ഏറെയുള്ള ദേവികുളം, പീരുമേട് നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഇതുവരെ സ്ഥാനാർത്ഥികളെ നിശ്ചിയിക്കാത്തത് നേതാക്കൾക്കും അണികൾക്കും ഒരു പോലെ ആശയക്കുഴപ്പമുണ്ടാക്കുന്നു. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. 2006 മുതൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളാണ് ദേവികുളവും പീരുമേടും. മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിറുത്താൻ എൽ.ഡി.എഫും ശക്തമായ കരുനീക്കങ്ങൾ നടത്തുന്നുണ്ട്. എസ്. രാജേന്ദ്രൻ ദേവികുളത്ത് നിന്നും ഇ. എസ്.ബിജിമോൾ പീരുമേട് നിന്നും ഹാട്രിക്ക് വിജയം നേടി. രണ്ടും വട്ടം മത്സരിച്ചവരെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന് എൽ.ഡി.എഫും തുടർച്ചയായി രണ്ടു തവണ തോറ്റവരെ പരിഗണിക്കേണ്ടതില്ലന്ന യു.ഡി.എഫും നിലപാടെടുത്തതോടെ ദേവികുളത്ത് നിലവിലെ എം.എൽ.എ എസ്. രാജേന്ദ്രനും കോൺഗ്രസിലെ എ.കെ. മണിക്കും സീറ്റ് ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സമാനമാണ് പീരുമേട്ടിലെ കാര്യവും. നിലവിലെ എം.എൽ.എ ഇ.എസ്. ബിജിമോൾക്ക് മൂന്ന് ടേം പൂർത്തിയാക്കിയതിനാലാണ് അവസരം ലഭിക്കാത്തത്. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തി ഇരുവിഭാഗവും നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ആര് ആദ്യം പ്രഖ്യാപനം നടത്തുമെന്ന കാത്തിരിപ്പിലാണ്. ജില്ലയിലെ ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിൽ ആദ്യഘട്ട പ്രചാരണം തുടങ്ങിയിട്ടും പീരുമേടും ദേവികുളവും സജീവമാകാത്തതിൽ അടിത്തട്ടിലെ പ്രവർത്തകർക്കിടയിലും അമർഷമുണ്ട്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നതാണ് ഇരു മുന്നണികൾക്കുമുള്ള വെല്ലുവിളി.