pc

കോട്ടയം: പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി.തോമസ് മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹം ശക്തമായി. പി.സി തോമസിനെങ്കിൽ പാലാ വിട്ടുകൊടുക്കാമെന്ന നിലപാടാണ് ബി.ജെ.പിക്കും. അതേസമയം ഇത് സംബന്ധിച്ച് പി.സി.തോമസ് തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

2016ലെ നിയസഭാ തിരഞ്ഞെടുപ്പിലും പാലായിൽ പി.സിയുടെ പേരുയർന്നെങ്കിലും ഒടുവിൽ പിൻമാറി. തനിക്ക് പകരം റബർ ബോർഡ് മുൻ ചെയർമാൻ പി.സി.സിറിയക്കിന്റെ പേര് ബി.ജി.പി നേതൃത്വത്തോട് നിർദ്ദേശിച്ചെങ്കിലും തോമസ് ഇല്ലെങ്കിൽ സീറ്റ് ഏറ്റെടുക്കുമെന്ന മറുപടിയാണ് ബി.ജെ.പി നൽകിയത്. അങ്ങനെയാണ് മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരി സ്ഥാനാർത്ഥിയായത്.

പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജോസ് കെ.മാണിക്കും യു. ഡി. എഫ് സ്ഥാനാർത്ഥിയായ മാണി ​സി. കാപ്പനുമൊപ്പം പി.സി.തോമസ് എത്തിയാൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും. രാഷ്ട്രീയത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ കെ.എം.മാണിയുടെ മകനെതിരെ പഴയ ശിഷ്യൻ മത്സരിക്കുമോയെന്നുള്ളതാണ് ചർച്ചാ വിഷയം. മൂവാറ്റുപുഴ പാർലമെന്റ് സീറ്റിലേയ്ക്ക് തോമസിന് പകരം ജോസിനെ കെ.എംമാണി കൈപിടിച്ചുയർത്തിയപ്പോഴാണ് പി.സി.തോമസ് ഉടക്കി മാറി സ്വന്തം പാർട്ടി രൂപീകരിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ച പി.സി. തോമസിന് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലവും പാലായാണ്. ബി.ജെ.പിയുടെ വോട്ടുകളും പി.സി.തോമസിന്റെ വ്യക്തി ബന്ധങ്ങളും തുണയ്ക്കുമെന്ന വിശ്വാസമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്. ശക്തമായ ത്രികോണ മത്സരത്തിൽ കേരളാ കോൺഗ്രസ് വോട്ട് ബാങ്കിൽ പിളർപ്പുണ്ടാക്കാമെന്നതാണ് ബി.ജെ.പി പാലായിൽ പി.സി.തോമസിനെ പരിഗണിക്കാൻ കാരണം.

അതേസമയം തദ്ദേശ തിര‌ഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിൽ പോകാനായി എൻ.ഡി.എയിൽ നിന്ന് മാറിയ പി.സി.തോമസിനെ വീണ്ടും പരിഗണിക്കുന്നതിൽ ജില്ലയിൽ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. മണ്ഡലത്തിലെ മുത്തോലി പഞ്ചായത്ത് ഭരിക്കുന്നത് ബി.ജെ.പിയാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി നേതാക്കൾ തന്നെ പാലായിൽ മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.

'' പാലായിൽ മത്സരിക്കണമെന്ന് മുന്നണിയിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. തീരുമാനം ഇന്ന് അറിയിക്കും.''

- പി.സി.തോമസ്