joseph

കോട്ടയം: കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത ഏറ്റുമാനൂരിൽ ആരെ സ്ഥാനാർത്ഥിയാക്കുമെന്നത് സംബന്ധിച്ച തർക്കം ജോസഫ് ഗ്രൂപ്പിൽ പുകയുന്നു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ അനുകൂലിച്ച് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ സ്ഥാനാർത്ഥി നിർണയം ത്രിശങ്കുവിലായി.

കടുത്തുരുത്തിക്കു പുറമെ ജില്ലയിൽ ലഭിക്കുന്ന സീറ്റ് സജിക്കു നൽകാമെന്ന് പി.ജെ.ജോസഫ് ഉറപ്പു പറഞ്ഞിരുന്നതാണത്രെ . എന്നാൽ അഡ്വ.മൈക്കിൾ ജെയിംസ്, അഡ്വ.പ്രിൻസ് ലൂക്കോസ് എന്നിവർ സ്ഥാനാർത്ഥികളാകുമെന്ന പ്രചാരണമാണ് ഇവരെ ചൊടിപ്പിച്ചത്. സജിക്ക് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് മോൻസിനും ജോയ് എബ്രഹാമിനും കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതും ഇവരെ ചൊടിപ്പിച്ചു. ഇന്നലെ ഏറ്റുമാനൂരിൽ നിന്നുള്ള ഒരുവിഭാഗം നേതാക്കൾ പരസ്യമായി സജിക്ക് വേണ്ടി നിലപാടെടുത്തു. ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയെന്ന മട്ടിൽ മറ്റുചിലർ സോഷ്യൽ മീഡിയയിലുടെ പ്രചാരണം നടത്തുന്നുണ്ടെന്നും സീറ്റ് സജിക്ക് തന്നെ നൽകണമെന്നും പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ് ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഏറ്റുമാനൂർ സീറ്റ് ജോസഫിന് വിട്ടുനൽകിയതിനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നതിനിടെയാണ് സീറ്റിനെ ചൊല്ലി ജോസഫ് ഗ്രൂപ്പിലെ തർക്കം. ഈ വിഷയം തങ്ങൾക്ക് അനുകൂലമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ്. ഏറ്റുമാനൂരിൽ വി.എൻ. വാസവന്റെ നേതൃത്വത്തിൽ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.