
കോട്ടയം: കോട്ടയം ജില്ലയിൽ ജനസംഖ്യയിൽ മുന്നിലായിട്ടും പിന്നാക്ക വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥികളെ സീറ്റു വിഭജനം പൂർത്തിയായപ്പോൾ വെട്ടി നിരത്തി ! .
ഇടതു മുന്നണിയിൽ ഏറ്റുമാനൂരിൽ സി.പി.എം സ്ഥാനാർത്ഥിയായി വി.എൻ.വാസവൻ ഉണ്ടെങ്കിൽ യു.ഡി.എഫിൽ പേരിന് പോലും ഒരുപിന്നാക്കക്കാരൻ ഇല്ല. ഇരു കേരളകോൺഗ്രസ് വിഭാഗങ്ങൾ ഇരു മുന്നണികളിലുമായി എട്ട് സീറ്റ് വീതം വച്ചതിൽ ഏഴും ക്രൈസ്തവവിഭാഗത്തിൽ നിന്നുള്ളവരാണ്. വൈക്കം സംവരണ സീറ്റൊഴിച്ച് കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റിൽ മൂന്നും ക്രൈസ്തവ വിഭാഗത്തിൽ നിന്ന് തന്നെ.
എൻ.ഡി.എ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല . എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ സംവരണമായ വൈക്കം ഒഴികെയുള്ള എട്ട് മണ്ഡലങ്ങളിലും ഹൈന്ദവ വിഭാഗത്തിൽ നിന്ന് നാലും ക്രൈസ്തവ വിഭാഗത്തിൽ നിന്ന് പന്ത്രണ്ടും സ്ഥാനാർത്ഥികളാണുള്ളത്.
ഏറ്റുമാനൂരിലും കോൺഗ്രസ് പിന്നാക്കക്കാരെ വെട്ടി
ഈഴവ ഭൂരിപക്ഷ മണ്ഡലമായ ഏറ്റുമാനൂരിലേക്ക് നാട്ടകം സുരേഷ്, ജി.ഗോപകുമാർ എന്നിവരിലൊരാളെ പരിഗണിക്കുന്നതായി കോൺഗ്രസ് ഉന്നത നേതാക്കൾ ഉറപ്പുനൽകിയിരുന്നു. കോൺഗ്രസിന് സ്വാധീനമുള്ള ഏറ്റുമാനൂർ നിലനിറുത്താൻ കഴിയാതെ അവസാനം ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി വിട്ടു കൊടുക്കേണ്ടി വന്നു . സ്ഥാനാർത്ഥികളെ ചൊല്ലി ജോസഫ് വിഭാഗത്തിൽ തർക്കമുണ്ടെങ്കിലും പരിഗണിക്കുന്നത് ക്രൈസ്തവ സ്ഥാനാർത്ഥിയെ മാത്രമാണ് .
സ്ഥാനാർത്ഥി നിർണയത്തിൽ സഭയുടെ ഇടപെടൽ
കോട്ടയത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായി എന്ന ആരോപണം ശക്തമായി. ചങ്ങനാശേരി , ഏറ്റുമാനൂർ സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകാനും ഇടപെടൽ ഉണ്ടായി. ചങ്ങനാശേരിയിൽ കോൺഗ്രസ് സീനിയർ നേതാവ് കെ.സി ജോസഫിന് പകരം ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്കായി സഭ നില കൊണ്ടുവെന്നും മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ അരമനയിൽ നിന്ന് നിർദ്ദേശിക്കുന്നവരെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഉന്നത നേതാക്കൾ തയ്യാറായെന്നുമുള്ള ആരോപണവും ശക്തമാണ് . ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ബേബിച്ചൻ മുക്കാടൻ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്കെതിരെ ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.