കട്ടപ്പന: ഈട്ടിത്തോപ്പ്കുപ്പച്ചാംപടിഞാറക്കവല റോഡിന്റെ നവീകരണം തുടങ്ങി. പൂർണമായി തകർന്ന റോഡ് 30 ലക്ഷം രൂപ ചെലവഴിച്ചാണ് പി.ഡബ്ല്യ.ഡി. അറ്റകുറ്റപ്പണി നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് സംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്, മേഖലയിലുള്ളവർക്ക് ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരാൻ സഹായകരമാണ്. വർഷങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിൽ പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. റോഡ് തകർന്നതോടെ കുപ്പച്ചാംപടി, ഈട്ടിത്തോപ്പ് മേഖലകളിലെ താമസക്കാർ ഏറെ ദുരിതത്തിലായിരുന്നു. തുടർന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്ത് അംഗം മിനി സുകുമാരന്റെയും ഇടപെടലിനെ തുടർന്നാണ് നവീകരണത്തിന് തുക അനുവദിച്ചത്.