
പാലാ: മാണി ഗ്രൂപ്പ് പ്രവർത്തകരെപ്പോലും അത്ഭുതപ്പെടുത്തി 13 സീറ്റ് ജോസ് കെ.മാണിയുടെ ഉള്ളംകൈയിൽ വച്ച് കൊടുത്ത് സി.പി.എം. സീറ്റ് വിഭജനം അറിഞ്ഞ് നിരവധി നേതാക്കളും പ്രവർത്തകരും രാത്രി തന്നെ ജോസ് കെ. മാണിയുടെ വസതിയിലെത്തി അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ അണികളുമായെത്തി . ചർച്ചകളുമായി കെ.എം.മാണിയുടെ വീട്ടുമുറ്റം വീണ്ടും സജീവമായി. ജില്ലയിൽ അഞ്ച് സീറ്റാണ് മാണി വിഭാഗത്തിന്. സി.പി. എമ്മിന് മൂന്നു സീറ്റും സി.പി. ഐയ്ക്ക് ഒരു സീറ്റുമാണുള്ളത്. ഫലത്തിൽ ജില്ലയിലെ വല്ല്യേട്ടൻ മാണി വിഭാഗം തന്നെ.
രാഷ്ട്രീയ നിരീക്ഷകരേയും മാദ്ധ്യമവാർത്തകളെയും അമ്പരിപ്പിച്ച് ആകെ 13 സീറ്റുകൾ വിട്ടു നൽകി ഇടതു മുന്നണിയിലെ പ്രമുഖ കക്ഷിയാണ് കേരള കോൺഗ്രസെന്ന് എൽ. ഡി. എഫ് പറയാതെ പറഞ്ഞു.
എന്തു വില കൊടുത്തും കിട്ടിയ സീറ്റുകളിൽ വിജയം ഉറപ്പാക്കാൻ അരയും തലയും മുറുക്കി ആവേശത്തോടെ പ്രവർത്തകർ രംഗത്തിറങ്ങി കഴിഞ്ഞു. ആശംസകൾ അർപ്പിച്ച് സോഷ്യൽ മീഡിയായിൽ നൂറു കണക്കിന് പ്രതികരണങ്ങളാണ് ഉണ്ടായത്.
ഞങ്ങൾക്കുള്ള അംഗീകാരം: ജോസ്. കെ. മാണി
ഇത്രയും സീറ്റുകൾ തന്നതിലൂടെ തങ്ങളെ അംഗീകരിച്ച ഇടതു മുന്നണി നേതൃത്വത്തോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും ഇത് അഭിമാനമായി കണക്കാക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരളം മുഴുവൻ ഇടതു സ്ഥാനാർത്ഥികൾക്ക് വേണ്ടി രാപകലില്ലാതെ ഒരോ പാർട്ടി പ്രവർത്തകനും പ്രവർത്തിക്കുമെന്നും ജോസ് അറിയിച്ചു.