
പാലാ: അങ്ങനെ ജോസ് കെ. മാണിക്കും മാണി സി. കാപ്പനും വേണ്ടി കുടുംബാംഗങ്ങൾ വോട്ടുറപ്പിക്കാനിറങ്ങി. ജോസ് കെ. മാണിയുടെ ഭാര്യ നിഷ നേരത്തെ തന്നെ വീടുവീടാന്തരം കയറിയിറങ്ങുന്നുണ്ട്. മകൾ റിതികയും മകൻ കുഞ്ഞു മാണിയും ഇന്നലെ മുതൽ സജീവമായി.
മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹോദരങ്ങൾ ഒന്നടങ്കം ഇറങ്ങിയിട്ടുണ്ട്. സഹോദരനും കിഴതടിയൂർ സർവ്വീസ് ബാങ്ക് പ്രസിഡന്റുമായ അഡ്വ. ജോർജ് സി. കാപ്പൻ, ചാക്കോ സി. കാപ്പൻ, ചെറിയാൻ സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ സി. കാപ്പൻ, ജോൺ സി. കാപ്പൻ, കുര്യൻ സി. കാപ്പൻ, സഹോദരിമാരായ മറിയാമ്മ, റാണി എന്നിവരും സജീവമാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. മാണി സി. കാപ്പന്റെ ഭാര്യ ആലീസ്, മകൾ ദീപ എന്നിവരും ഇന്നലെ വീടുകൾ സന്ദർശിച്ചു.