fire-

ഏന്തയാർ: ഏന്തയാർ മേഖലയിൽ വ്യാപക തീപിടിത്തം. ഏകദേശം 30 ഏക്കർ ഭൂമിയിലെ മരങ്ങൾ കത്തി നശിച്ചു. കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് തീപടർന്നത്. ഇളംകാട് ഞർക്കാട് ഭാഗത്ത് നിന്ന് പടർന്ന തീ കൈപ്പള്ളി കൂന്തൻപാറ പ്രദേശത്ത് വരെ എത്തി. കാഞ്ഞിരപ്പള്ളി, ഇൗരാറ്റുപേട്ട സ്റ്റേഷനുകളിലെ ഫയർ ഫോഴ്സ് വിഭാഗം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വലിയ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത പ്രദേശമായതിനാൽ ഫയർ ഫോഴ്സിന്റെ ചെറിയ യൂണിറ്റിനേ എത്താൻ കഴിഞ്ഞുള്ളൂ. രാവിലെ ഞർക്കാട് പ്രദേശത്തെ സ്വകാര്യ പുരയിടത്തിലാണ് ആദ്യം തീ കണ്ടത്. തുടർന്ന് വയലിൽ ജസ്റ്റിൻ, പനയോലി തങ്കച്ചൻ എന്നിവരുടെ പുരയിടങ്ങളിലേക്കും പ‌ടർന്നു. കാരണം വ്യക്തമല്ല. ഒട്ടേറെ റബർ മരങ്ങൾ കത്തി നശിച്ചു. നാശനഷ്ടം വിലയിരുത്തി വരികയാണ്. വൈകിട്ടോടെയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.