
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലയിലെ 842 ഓക്സിലിയറി പോളിംഗ് ബൂത്തുകളില്‍ 59 എണ്ണം താത്കാലികമായി സജ്ജമാക്കേണ്ടവയാണ്. ഇവയുടെ നിര്‍മാണം മാര്‍ച്ച് 15ഓടെ പൂര്‍ത്തിയാകും. പുതിയ ബൂത്തുകള്‍ വോട്ടര്‍മാര്‍ക്ക് പരിചിതമാകുന്നതിന് വേണ്ടിവരുന്ന സമയം കൂടി കണക്കിലെടുത്താണ് ഇവ നേരത്തെ തയ്യാറാക്കുന്നത്. റാമ്പുകള്‍, ടോയ്ലറ്റുകള്‍, വൈദ്യുതി, വെള്ളം, സൈനേജുകള്‍, പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍, ആവശ്യമായ ഫര്‍ണീച്ചറുകള്‍, ഹെല്‍പ്പ് ഡസ്ക് എന്നിവ ബൂത്തുകളില്‍ സജ്ജമാക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമെ മാസ്ക്, ഗ്ലൗസ് കോര്‍ണറുകളും ഒരുക്കേണ്ടതുണ്ട്. റാമ്പുകള്‍ ആവശ്യമുള്ള ബൂത്തുകളില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്‍റെ രണ്ടു ദിവസം മുന്‍പ് ഹെല്‍പ്പ് ഡസ്കും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ജില്ലയിലെ പോളിംഗ് ബൂത്തുകളോടനുബന്ധിച്ച് 150 ഓളം ബയോ ടോയ്ലറ്റുകള്‍ വേണ്ടതുണ്ട്. ജില്ലാ ശുചിത്വ മിഷന്‍ മുഖേനയാണ് ഇവ സജ്ജീകരിക്കുക. വോട്ടെടുപ്പിന് മുന്‍പ് എല്ലാ പോളിംഗ് കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയും ടോയ്ലറ്റുകള്‍ ശുചീകരിക്കുകയും ചെയ്യും.