
പാലാ: പാലായിൽ കുടുംബശ്രീയെ ഇടതു മുന്നണി രാഷ്ട്രീയ പ്രചരണ വേദിയാക്കി മാറ്റുന്നുവെന്ന് യു.ഡി.എഫിന് പരാതി. പാലാ നഗരസഭയിൽ അധികാര ദുർവിനിയോഗതിന് ചരടുവലിക്കുന്നത് മുൻ ചെയർപേഴ്‌സണാണെന്നും യു.ഡി.എഫ് ആരോപിച്ചു.
നഗരസഭ കുടുംബശ്രീ അധികാരികളുടെ അനുവാദത്തോടെ വാർഡ് കൗൺസിലർമാർക്ക് സ്വീകരണം എന്ന പേരിൽ വാർഡുകളിൽ വിളിച്ചു ചേർക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം മുൻ ചെയർപേഴ്‌സണെത്തി ജോസ് കെ. മാണിയ്ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നു.
അയൽ കുട്ടങ്ങളിൽ രാഷ്ട്രീയം വേണ്ട എന്ന് പറയുന്നവരോട് കുടുബശ്രീയുടെ ഭാരവാഹികളും മുൻ ചെയർപേഴ്‌സണുമൊക്കെ ലോൺ നൽകില്ല എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നുവെന്നും അയൽക്കൂട്ടത്തിലെ അംഗങ്ങൾ ആരോപിക്കുന്നുണ്ട്.
മാണി സി. കാപ്പൻ വാക്ക് പാലിക്കാത്തവനാണെന്നും നഗരസഭയിലെ അംഗൻവാടിക്കാരുമായി വലിയ വിരോധത്തിലാണെന്നും ഇക്കൂട്ടർ പറഞ്ഞു പരത്തുന്നുവെന്നും യു.ഡി.എഫിനു പരാതിയുണ്ട്.
ജോസ് കെ. മാണിയുടെ പ്രചാരണത്തിന് ഭാര്യക്കും മക്കൾക്കും ശേഷം മുൻ ചെയർപേഴ്‌സനേയും ഇറക്കിയത് ഇടത് ക്യാമ്പിന്റെ ആത്മവിശ്വാസക്കുറവാണ് വെളിവാക്കുന്നത് എന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.
ഇനിയും കുടുബശ്രീയിൽ രാഷ്ട്രീയം പ്രസംഗിക്കാൻ വന്നാൽ കുടുംബശ്രീയിലെ വനിതാ പ്രവർത്തകരെ ഉപയോഗിച്ച് തടയുമെന്ന് യു.ഡി.എഫ്. പാലാ ടൗൺ മണ്ഡലം നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കവീക്കുന്ന് വാർഡിൽ ഇത്തരം സംഭവം ഉണ്ടായി. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു.