
കോട്ടയം: ഇറച്ചിക്കോഴിക്കടകളിൽ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാത്തതിനാൽ പ്രതിദിനം റോഡിൽ തള്ളുന്നത് 20 ടണ്ണിലേറെ മാലിന്യം. ജില്ലയിലെ രണ്ടായിരത്തോളം വരുന്ന ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യമാണ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ റോഡിൽ തള്ളുന്നത്. ജില്ലാ ഭരണകൂടമോ, മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള ഏജൻസികളോ വിഷയത്തിൽ ഇടപെടുന്നില്ല. ജില്ലയിലെ ആറുകളിലും തോടുകളിലും മാലിന്യം തള്ളൽ അതിരൂക്ഷമാണ്.
ഇറച്ചിക്കോഴിക്കടകൾ അടക്കം പ്രവർത്തിക്കുന്നതിന് മാലിന്യ സംസ്‌കരണ ഉപാധികൾ വേണമെന്നാണ് ചട്ടം. എന്നാൽ, ജില്ലയിൽ 90 ശതമാനം കടകളിലും ഇതു നിലവിലില്ല. ഈ മാലിന്യങ്ങൾ വിവിധ ഏജൻസികൾ ശേഖരിച്ച ശേഷം സംസ്‌കരിക്കാനായി കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ മാലിന്യം ശേഖരിക്കുന്ന ഏജൻസികളിൽ പകുതിയിലേറെയും മാലിന്യങ്ങൾ റോഡിൽ തള്ളുകയാണ് . ഇത് വലിയ സാമൂഹിക പ്രശ്‌നമാണ് .
അറവുശാലകളും പ്രശ്നം
മാലിന്യ സംസ്‌കരണ ഉപാധികളില്ലാതെ പ്രവർത്തിക്കുന്ന അറവുശാലകൾക്കെതിരെയും മറ്റും നടപടിയെടുക്കേണ്ടത് ആരാണെന്ന തർക്കത്തിലാണ് വകുപ്പുകൾ . തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സർട്ടിഫിക്കറ്റോടെയാണ് ഇറച്ചിക്കടകൾ പ്രവർത്തിക്കേണ്ടത്. എന്നാൽ, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇറച്ചിക്കടകളിൽ പരിശോധന നടത്തി പൂട്ടിക്കാൻ നടപടികളില്ല. അനധികൃത അറവുശാലകൾ പ്രവർത്തിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് നടപ്പാക്കാൻ ആരുമില്ല. പരാതി ഉയർന്നാൽ പൊലീസ് പേരിനൊരു കേസെടുക്കുക മാത്രമാണ് ചെയ്യുന്നത്.
ജില്ലയിലെ 2000 ഇറച്ചിക്കടകൾ
പ്രതിദിനം റോഡിൽ
തള്ളുന്നത് 20 ടണ്ണോളം മാലിന്യം
90 ശതമാനം കടകളിലും
മാലിന്യസംസ്കരണ ഉപാധികളില്ല