
കോട്ടയം: സീറ്റും വീതം വെപ്പും സ്ഥാനാർത്ഥി പ്രഖ്യാപനവും ആകുംമുമ്പേ പാർട്ടികളിൽ ചേരിപ്പോരു മുറുകി. ഇനി സ്ഥാനാർത്ഥി തീരുമാനത്തോടെ റിബൽപ്പടയും ഇറങ്ങിയേക്കുമെന്നതിന്റെ സൂചനയും ഉയർന്നു.
ഏറ്റുമാനൂരിൽ കോൺഗ്രസിന് പകരം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റു നൽകാൻ ധാരണയായതോടെ സീറ്റിനായി ജോസഫ് വിഭാഗത്തിൽ അടിയായി. ഒരു സീറ്റിന് മൂന്നു പേർ രംഗത്തെത്തിയതോടെ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസുമായി വെച്ചുമാറാമെന്നും പകരം പൂഞ്ഞാർ മതിയെന്നും പറയുന്ന സ്ഥിതിയിൽ ജോസഫ് എത്തി നിൽക്കുകയാണിപ്പോൾ . അതോടെ ഏറ്റുമാനൂരിൽ കെ.സി ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കവും മുറുകി. ജോസ് വിഭാഗത്തിന് ഇടതു മുന്നണി 13 സീറ്റ് നൽകിയതിൽ അസ്വസ്ഥനായ പി.ജെ.ജോസഫ് മൂവാറ്റുപുഴ സീറ്റ് കൂടി കിട്ടിയാലേ ഏറ്റുമാനൂർ വിട്ടു കൊടുക്കൂ എന്ന പ്രഖ്യാപനം നടത്തി സീറ്റിന്റെ എണ്ണം കൂട്ടാനും ശ്രമിക്കുകയാണ്. .
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും കോട്ടയത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസയും കോട്ടയത്ത് ക്യാമ്പു ചെയ്ത് ഗ്രൂപ്പുകൾക്കതീതമായി മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ ആശയ വിനിമയം നടത്തി. യുവാക്കൾക്കും വനിതകൾക്കും അർഹമായ പരിഗണന സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടാകുമെന്ന ഉറപ്പും നൽകി. എന്നാൽ ഇവർ പോയതോടെ ഗ്രൂപ്പു താത്പര്യം മാത്രം സംരക്ഷിക്കുന്ന സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കി.
ഒരു മണ്ഡലത്തിലേക്ക് അഞ്ചു പേരു വരെയുള്ള ലിസ്റ്റ് തയ്യാറാക്കി അവസാന പരിഗണനയിൽ ഉണ്ടെന്ന് സ്ഥാനാർത്ഥി മോഹികളെ അറിയിച്ചശേഷം വേണ്ടപ്പെട്ടവരുടെ ലിസ്റ്റ് അംഗീകരിക്കുന്നുവെന്നാണ് ആരോപണം. കോട്ടയത്ത് കോൺഗ്രസിന് ലഭിച്ച അഞ്ചു സീറ്റിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും വൈക്കം സംവരണ സീറ്റും കഴിഞ്ഞുള്ള രണ്ട് സീറ്റിൽ ഒന്നിൽ കെ.സി ജോസഫിനെ മത്സരിപ്പിക്കാൻ ഇപ്പോഴും ശക്തമായ നീക്കം നടത്തുന്നു .
വനിത, യുവാക്കൾ, തൊഴിലാളി സംഘടനാ പ്രാതിനിധ്യം നോക്കാതെ ഇഷ്ടക്കാരെ മാത്രം തിരുകി കയറ്റുന്ന ലിസ്റ്റാണ് കോട്ടയത്തെ കോൺഗ്രസിന്റേതെങ്കിലും ഉന്നത നേതാക്കൾ മൗനം പാലിക്കുകയാണ്. ഒളിച്ചും പാത്തും പോസ്റ്ററൊട്ടിക്കലിന് അപ്പുറം ഇത് ചോദ്യം ചെയ്യാനുള്ള നീക്കം ഉണ്ടാകുന്നില്ല . ഏറ്റുമാനൂരിൽ കോൺഗ്രസിന് സീറ്റ് നിഷേധിച്ചതിനെതിരെ ഡി.സി.സി മാർച്ച് നടത്തിയവരോട് സീറ്റ് ജോസഫിനല്ല കോൺഗ്രസിന് തന്നെ എന്നു പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു . പ്രതിഷേധവും അതോടെ കെട്ടടങ്ങി.