
തലയോലപ്പറമ്പ്: ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവത്തിന് ആറ്റുവേല കടവ് ക്ഷേത്രത്തിൽ വെളിച്ചപ്പാട് അടിയം സോമന്റെ കാർമികത്വത്തിൽ കൊടിയേറി. വൈകിട്ട് വടയാർ ഇളങ്കാവ് ക്ഷേത്രത്തിൽ അവകാശികളായ കരക്കണ്ടത്തിൽ കെ.സി.ബാബു, കെ.കെ.അനി, വല്യാപറമ്പത്ത് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പിണ്ടിപ്പഴുതോടെ ആറ്റുവേലച്ചാടിന്റെ നിർമാണം ആരംഭിച്ചു. ആറ്റുവേല 16, 17 തീയതികളിൽ നടക്കും.വടക്കുംകൂർ രാജവംശത്തിന്റെ ദേവതയായ ഇളങ്കാവ് ഭഗവതിയെ കാണാൻ മീന മാസത്തിലെ അശ്വതി നാളിൽ സഹോദരി കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗം ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി എത്തുന്നതാണ് ആറ്റുവേലയുടെ ഐതിഹ്യം.
ആറ്റുവേല ചാട് നിർമിക്കുന്നതിന് ദേശക്കാരായ ചിലർക്ക് മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. തലമുറകളായി പകർന്നു വരുന്ന ആചാരങ്ങൾ മുറതെറ്റാതെ പാലിച്ച് അവകാശികളായ കുടുംബങ്ങളിലെ ഇളമുറക്കാരാണ് ഇപ്പോഴും ആറ്റുവേലച്ചാടിന്റെ നിർമാണം നടത്തുന്നത്. രണ്ടു വലിയ കേവ് വള്ളങ്ങൾ ചേർത്തു ചങ്ങാടം തീർത്ത് അതിൽ തേക്കിൻ കഴകൾ കൊണ്ട് മൂന്നു നിലകളിലായാണ് ആറ്റുവേല ചാട് നിർമിച്ച് ദീപാലംകൃതമാക്കും.
നിർമാണം പൂർത്തിയായ ചാട് 16നു രാവിലെ 7.30നു രണ്ട് കിലോമീറ്റർ അകലെ മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേല കടവ് ക്ഷേത്രത്തിലേക്ക് ജലമാർഗം പുറപ്പെടും. അവിടെ നിന്നും മീനമാസത്തിലെ അശ്വതി നാൾ 18 നാഴിക പുലരുന്ന രാത്രി 1.30 കഴിഞ്ഞ് സർവാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂർ ഭഗവതിയെ മുകളിലത്തെ നിലയിൽ എഴുന്നള്ളിച്ച് ആറ്റുവേല കടവ് ക്ഷേത്രത്തിലെ പുറകളത്തിൽ ഗുരുതി നടത്തി ഇളങ്കാവിലേക്കു പുറപ്പെടും. വിവിധ സംഘടനകളുടെയും വീട്ടുകാരുടെയും വഴിപാടായി ആറ്റുവേല കടവിൽ എത്തുന്ന തൂക്കച്ചാടുകൾ അകമ്പടിയൊരുക്കും. വൈദ്യുത ദീപാലംകൃതമായ ആറ്റുവേലയും തൂക്കച്ചാടുകളും മുവാറ്റുപുഴ ആറിന്റെ ഓളപ്പരപ്പിലൂടെ വട്ടം കറങ്ങി പുലർച്ചെ 4.30ഓടെ ക്ഷേത്ര കടവിൽ എത്തി. ക്ഷേത്ര മതിലിനു പുറത്ത് പ്രത്യേകം തയാറാക്കിയിട്ടുള്ള പള്ളിസ്രാമ്പിലേക്ക് ഭഗവതിയെ എഴുന്നള്ളിച്ച് ഗരുഡൻമാർ ചൂണ്ട കുത്തും. 17നു പീലി തൂക്കം കര തൂക്കം എന്നിവ നടക്കും.