
കോട്ടയം: മീനച്ചിലാർ- മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജനത്തിലൂടെ കോട്ടയത്തിന്റെ മുഖച്ഛായ മാറ്റിയ അഡ്വ. കെ.അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും പാടത്ത് നിന്ന്. തുടർച്ചയായി നാലുവർഷമായി കതിരണിയുന്ന കൊല്ലാട് കിഴക്കുപുറം-വടക്കുപുറം പാടശേഖരത്തിൽ നെല്ല് കൊയ്തായിരുന്നു കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തുടക്കം.
ജനകീയ കൂട്ടായ്മയിലൂടെ നദീ പുനർസംയോജനമെന്ന ആശയത്തിലൂടെ ജില്ലയിൽ കൃഷി വ്യാപകമാക്കുന്നതിന് ചുക്കാൻ പിടിച്ചത് അഡ്വ. കെ.അനിൽകുമാണ്. വർഷങ്ങളായി തരിശ് കിടന്നിരുന്ന കിഴക്കുപുറം -വടക്കുപുറം പാടശേഖരം അനിൽകുമാറിന്റെ ഇച്ഛാശക്തിയിലാണ് കതിരണിഞ്ഞത്. ഈ സാഹചര്യത്തിലാണ് അനിൽകുമാർ പാടത്തു നിന്ന് തന്നെ തുടങ്ങിയത്. പാടത്ത് കൊയ്ത്തും തിരഞ്ഞെടുപ്പ് പ്രചാരണവും ഒരുമിച്ച് തുടങ്ങിയപ്പോൾ കർഷകരും ആവേശത്തിലായി. ആർപ്പുവിളിച്ചാണ് സ്ഥാനാർത്ഥിയെ കർഷകർ വരവേറ്റത്. സി.പി.എം ഏരിയാ സെക്രട്ടറി ബി.ശശികുമാറാണ് പ്രചാരണം ഉദ്ഘാടനം ചെയ്തത്.