
ചങ്ങനാശേരി: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധയാളുകളിൽ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ യുവതി അറസ്റ്റിൽ. മറ്റ് രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കായംകുളം അമ്പലപ്പാട്ട് വീട്ടിൽ ഗംഗാ ജയകുമാറിനെയാണ് (26) തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ചങ്ങനാശേരി പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പിനിരയായവർ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയതിനെ തുടർന്ന് ഇവർ വിദേശത്തേക്ക് കടക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ നാല് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഇന്റർപോൾ മുഖേന യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ യുവതിയെ പിടികൂടി. തിരുവല്ല സ്വദേശിയായ സുബിനും ഒരു ജ്യോൽസ്യനുമാണ് ഇവർക്കൊപ്പമുള്ള മറ്റ് പ്രതികൾ. ഇരുവരും കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മുൻകൂർ ജാമ്യം തേടിയിരുന്നു. ജ്യോൽസ്യന്റെ സ്വാധീനം ഉപയോഗിച്ച് ഭക്തിമാർഗത്തിലും നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതായും പൊലീസ് പറഞ്ഞു. സുബിന്റെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയെടുത്തിരുന്നത്. കോട്ടയം, അയ്മനം, പാമ്പാടി, കായംകുളം എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചങ്ങനാശേരി പൊലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൾ കലാമിനൊപ്പം എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. ആന്റണി മൈക്കിൾ, എസ്. സി. പി. ഒമാരായ പ്രീത ഭാർഗവൻ, സിനിമോൾ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.