
തൃക്കൊടിത്താനം: കോട്ടമുറിയിൽ അനധികൃത മദ്യ കച്ചവടവും പണമിടപാടും നടത്തിയയാൾ അറസ്റ്റിൽ. കോട്ടമുറി മണിമുറിയിൽ വീട്ടിൽ അപ്പച്ചൻ (ഫ്രാൻസിസ്, 60) ആണ് പിടിയിലായത്. വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യകച്ചവടം നടത്തുന്നതായും പണം ഇടപാട് നടത്തുന്നതായും ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വാഹനങ്ങൾ, ആർ.സി ബുക്കുകൾ, പ്രോമിസറി നോട്ടുകൾ, തീറാധാരങ്ങൾ, ബാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, രണ്ടര ലിറ്റർ വിദേശമദ്യം എന്നിവ കണ്ടെത്തി. ഏക്കർ കണക്കിന് റബർ തോട്ടമുള്ള അപ്പച്ചൻ പതിനഞ്ച് വീട് വാടകയ്ക്കും നൽകിയിട്ടുണ്ട്. ഇയാൾക്കതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.