
കോട്ടയം: സി.പി.എം ഉഴവൂർ നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഡോ.സിന്ധുമോൾ ജേക്കബ് പിറവത്ത് കേരള കോൺഗ്രസ് -ജോസ് വിഭാഗം സ്ഥാനാർത്ഥിയായി രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നത് എതിരാളികൾക്ക് പരിഹസിക്കാനുള്ള വടി കൊടുത്ത അവസ്ഥയിലായി.
പിറവത്ത് ജോസ് വിഭാഗം ആദ്യം പരിഗണിച്ചിരുന്ന യൂത്ത് ഫ്രണ്ട് നേതാവ് ജിൽസ് പെരിയപുറം സിന്ധുവിന്റേത് പേയ് മെന്റ് സീറ്റെന്ന് ആരോപിച്ച് രംഗത്തെത്തി. കത്തോലിക്ക വിഭാഗക്കാരനായതിനാലാണ് തന്നെ ഒഴിവാക്കി പിറവത്ത് ഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തിൽപ്പെട്ട സിന്ധുവിനെ സ്ഥാനാർത്ഥിയാക്കിയതെന്ന ആരോപണവും ജിൽസ് ഉന്നയിച്ചു.
സി.പി.എം സ്വതന്ത്രയായി മത്സരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സിന്ധു,
ജോസ് വിഭാഗം സ്ഥാനാർത്ഥിയായതോടെ സി.പി.എമ്മിൽ നിന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി പുറത്താക്കി . ലോക്കൽ കമ്മിറ്റിക്കല്ല ജില്ലാ കമ്മിറ്റിക്കാണ് പുറത്താക്കാൻ അധികാരമെന്ന് ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ വ്യക്തമാക്കിയതോടെ കൺഫ്യൂഷനായി.
സി.പി.എം പുറത്താക്കിയെന്നു പറയുന്നത് നാടകമാണെന്നും, ഇടതു സ്ഥാനാർത്ഥി സിന്ധുവിന് വേണ്ടി സി.പി.എം എങ്ങനെ പിറവത്ത് പ്രചാരണത്തിനിറങ്ങുമെന്നും സീറ്റ് നഷ്ടമായ ജിൽസ് ചോദിച്ചതിന് മറുപടി പറയാൻ സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല .
സി.പി.എം അംഗത്വ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ജോസ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ തെറ്റില്ല
-സി.പി.എം ജില്ലാസെക്രട്ടറി
വി.എൻ.വാസവൻ
ഞാൻ മത്സരിക്കുന്നത് സംസ്ഥാന
നേതൃത്വത്തിന്റെ അറിവോടെ
രാഹുൽ ചന്ദ്രശേഖർ
കോട്ടയം:വിവാദങ്ങൾക്കിടയിലും പതിവ് ചിരിയുമായി അനൗദ്യോഗിക പ്രചാരണത്തിൽ സിന്ധുമോൾ സജീവമാണ്.
'' എന്റെ സ്ഥാനാർത്ഥിത്വം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. കുടുംബപരമായി ഞാൻ ഇടത് സഹയാത്രികയാണ്. മത്സരിക്കാമോയെന്ന് ജോസ് കെ. മാണി ചോദിച്ചപ്പോൾ സി.പി.എം നേതൃത്വം അംഗീകരിച്ചാൽ സന്നദ്ധയാണെന്ന് അറിയിച്ചു. അങ്ങനെ സംസ്ഥാന നേതാക്കളുമായി ആലോചിച്ച് അനുവാദം ലഭിച്ചശേഷമാണ് സ്ഥാനാർത്ഥിയായത്. ലോക്കൽ കമ്മിറ്റിയിലെ ചില ആളുകൾ മാത്രമാണ് എനിക്കെതിരെ നടപടിയെടുത്തെന്ന് പറയുന്നത്. രേഖാമൂലമുള്ള ഒരറിയിപ്പും ലഭിച്ചിട്ടില്ല'' -നാൽപ്പത്തിയൊമ്പതുകാരിയായ സിന്ധുമോൾ കേരളകൗമുദിയോടു പറഞ്ഞു.
രാഷ്ട്രീയത്തിൽ പുതുമഖമല്ല സിന്ധുമോൾ. പിതാവ് പാലാക്കുഴ ഓലിക്കൽ ജേക്കബ് ജോൺ സി.പി.ഐ നേതാവും കെ.എസ്.ആർ.ടി.സി എംപ്ലോയിസ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
2005 മുതൽ മൂന്ന് ടേമിൽ പഞ്ചായത്തംഗമായും പ്രസിഡന്റായും ബ്ലോക്ക് പഞ്ചായത്തംഗമായും ഇടതു മുന്നണി സ്വതന്ത്രയായി സിന്ധുമോൾ വിജയിച്ചു. വൈസ് പ്രസിഡന്റായി തുടരുമ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് ഘടകകക്ഷിയുടെ സ്ഥാനാർത്ഥിയാകുന്നത്. ഹോമിയോ ഡോക്ടറായ സിന്ധുമോൾ തിരക്കുകൾക്കിടയിലും പ്രാക്ടീസ് മുടക്കിയിട്ടില്ല. ഉഴവൂർ ചെമ്മനാത്ത് ഡോ. ജെയ്സ് പി. ചെമ്മനാത്തിന്റെ ഭാര്യയാണ് സിന്ധുമോൾ. ഗോഹട്ടി ഐ.ഐ.ടി വിദ്യാർത്ഥി കിരൺ ജെ. ചെമ്മനാത്താണ് മകൻ.
'' ഞാൻ ജനിച്ചു വളർന്ന മണ്ഡലമാണ് പിറവം. ബന്ധുക്കളും സുഹൃത്തുക്കളുമായി വിപുലമായ ബന്ധമുണ്ട്.മുഖ്യമന്ത്രിയടക്കം മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. പാർട്ടി സംവിധാനവും പ്രവർത്തിക്കും. ഈ സാഹചര്യങ്ങളൊക്കെ വിജയപ്രതീക്ഷ നൽകുന്നു''-സിന്ധുമോൾ പറഞ്ഞു.