പാലാ : പഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ രാപ്പകലിൽ മീനച്ചിൽ താലൂക്കിലെ പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം നടന്നു. അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ രാവിലെ ശ്രീബലി എഴുന്നള്ളത്ത്. കാവടി ഘോഷയാത്ര, അഭിഷേകം. ഉച്ചപ്പൂജ. വൈകിട്ട് ദീപാരാധനയും സമൂഹ ശയനപ്രദക്ഷിണവും തുടർന്ന് കാഴ്ചശ്രീബലിയും നടന്നു. ഇന്ന് രാവിലെ 8.30 ന് ആറാട്ട് ബലി, 9 ന് ആറാട്ട് പുറപ്പാട്, എതിരേൽപ്പ്, കൊടിമരച്ചുവട്ടിൽ പറവയ്പ്പ്, കൊടിയിറക്ക് , 25 കലശം, ഉച്ചപൂജ എന്നിവ നടക്കും. പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കാഴ്ച ശ്രീബലി എഴുന്നള്ളത്ത്, കാവടി അഭിഷേകം, വേല, സേവ, രാത്രി 12 മുതൽ ശിവരാത്രി പൂജ, കൊട്ടിപ്പാടി സേവ. ഒന്നിന് പള്ളിവേട്ട എഴുന്നള്ളത്ത് എന്നിവ നടന്നു. ഇന്ന് വൈകിട്ട് 5ന് കൊടിയിറക്ക് ആറാട്ട് കടവിലേക്ക് പുറപ്പാട് മേളം, രാത്രി 10 ന് ആറാട്ട് എതിരേൽപ്പ് തുടർന്ന് കാഴ്ചശ്രീബലി, കൊടിമരച്ചുവട്ടിൽ പറ വെയ്പ്, വലിയകാണിക്ക എന്നിവ നടക്കും. ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകളിൽ പങ്കെടുക്കാൻ നിരവധി ഭക്തരെത്തിയിരുന്നു. രാമപുരം പള്ളിയാമ്പുറം മഹാദേവക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം, പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം, കിടങ്ങൂർ ശിവപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു. പൂവരണി മഹാദേവ ക്ഷേത്രത്തിൽ അഖണ്ഡനാമജപം, ശിവതാണ്ഡവനൃത്തം
സോപാന സംഗീതം ഭജന, നവകം, അഷ്ടാഭിഷേകം, ശിവരാത്രി പൂജ ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളത്ത് എന്നിവ നടന്നു.