ldf

കോട്ടയം: ജില്ലയിൽ ഒമ്പതു സീറ്റിലേക്കുമുള്ള സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി. എന്നാൽ യു.ഡി.എഫ് , എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ എന്ന മട്ടിൽ വെട്ടിയും തിരുത്തിയും നീളുകയാണ്.

കോട്ടയത്ത് ഇടതു മുന്നണിയിൽ സീറ്റുകളുടെ എണ്ണത്തിൽ വല്ല്യേട്ടനായ ജോസ് വിഭാഗം അഞ്ച് സീറ്റിലും സി.പി.എം മൂന്നു സീറ്റിലും സി.പി.ഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

യു.ഡി.എഫിൽ കോൺഗ്രസ് അഞ്ചു സീറ്റിലും ജോസഫ് മൂന്നിലും മാണി സി. കാപ്പന്റെ എൻ.സി.പി ഒരു സീറ്റിലുമെന്നുറപ്പായതല്ലാതെ മുഴുവൻ സ്ഥാനാർത്ഥികളുടെ പേരു വിവരമായില്ല . ഏറ്റുമാനൂരിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനം നീളുന്നു. പകരം പൂഞ്ഞാറോ മൂവാറ്റുപുഴയോ തന്നാൽ ഏറ്റുമാനൂർ കോൺഗ്രസിന് വിട്ടുകൊടുക്കാമെന്ന് പി.ജെ.ജോസഫ് പറഞ്ഞതോടെ ആശയക്കുഴപ്പമേറി . ജോസഫ് വിട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരെന്നതിന് തീരുമാനം നീളുകയാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും ഉമ്മൻചാണ്ടി , തിരുവഞ്ചൂർ രാധാകൃഷ്ണൻ , മാണി സി. കാപ്പൻ എന്നിവർ പ്രചാരണം തുടങ്ങി. ഉമ്മൻചാണ്ടി ഒരാഴ്ച മുമ്പ് കുടുംബയോഗങ്ങൾ വഴി പൂതുപ്പള്ളിയിൽ ഓട്ട പ്രദക്ഷിണം നടത്തിയ ശേഷം ചർച്ചക്കായി ഡൽഹിയിലേയ്ക്കു പോയി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നലെ നടന്നു . എൻ.കെ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കൾക്കു പുറമേ നടൻ സലീംകുമാറും പ്രസംഗിച്ചു .

പാലായിൽ മാണി സി. കാപ്പനും ജോസ് കെ. മാണിയും പ്രചാരണം ശക്തമാക്കി.

എതി‍‍ർപ്പ് കാര്യമാക്കുന്നില്ല:

ഡോ. സിന്ധുമോൾ

ജോസ് വിഭാഗം പിറവത്ത് ഡോ. സിന്ധു മോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള വിവാദം എരിഞ്ഞു നിൽക്കുന്നു. പിറവത്ത് ജോസ് വിഭാഗം പരിഗണിച്ചിരുന്ന യൂത്ത് ഫ്രണ്ട് നേതാവ് ജിൽസ് പെരിയപുറം സിന്ധുവിന്റേത് പേയ് മെന്റ് സീറ്റെന്ന് ആരോപിച്ച് ജോസിനെതിരെ രംഗത്തെത്തി. സി.പി.എം സ്വതന്ത്രയായി മത്സരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സിന്ധു, ജോസ് വിഭാഗം സ്ഥാനാർത്ഥിയായതോടെ സി.പി.എമ്മിൽ നിന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്.

സി.പി.എം പുറത്താക്കിയെന്നു പറയുന്നത് നാടകമാണെന്നും ഇടതു സ്ഥാനാർത്ഥി സിന്ധുവിന് വേണ്ടി സി.പി.എം എങ്ങനെ പിറവത്ത് പ്രചാരണത്തിനിറങ്ങുമെന്നും സീറ്റ് നഷ്ടമായ ജിൽസ് ചോദിച്ചതിന് മറുപടി പറയാൻ സി.പി.എം നേതൃത്വത്തിനു കഴിയുന്നില്ല. സി.പി.എം നേതൃത്വം അറിഞ്ഞാണ് ജോസ് വിഭാഗത്തിൽ ചേർന്നതെന്നും എതി‍‍ർപ്പ് കാര്യമാക്കുന്നില്ലെന്നും സിന്ധുമോൾ വിശദീകരിച്ചതോടെ ഇരു പാർട്ടി നേതൃത്വങ്ങൾ അറിഞ്ഞുള്ള കളിയാണെന്ന പ്രചാരണവും ശക്തമായിട്ടുണ്ട്. കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെ സിന്ധുവിനെ പരിഗണിച്ചിരുന്നു. സ്റ്റീഫൻ ജോർജ് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് സിന്ധുവിനെ പിറവത്തേക്കു മാറ്റിയത്.