
കുമരകം : മികച്ച സുഗന്ധവിള കർഷകനുള്ള ദേശീയ പുരസ്കാരത്തിന് ജില്ലയിലെ ജാതി കർഷകനായ ടി.ജോസഫ് അർഹനായി. കോഴിക്കോട് ആസ്ഥാനമായ ഇൻഡ്യൻ സൊസൈറ്റി ഒഫ് സ്പൈസസ് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്നതാണ് സുഗന്ധശ്രീ പുരസ്കാരം. വൈക്കപ്രയാർ മങ്ങട്ടേപ്പറമ്പിൽ കുടുബാഗമാണ് ജോസഫ്. കുമരകത്തുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സംയുക്തമായി മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഒഫ് ഹോർട്ടി കൾചറിന്റെ (എം.ഐ.ഡി.എച്ച്) സാമ്പത്തിക സഹായത്തോടെ നടത്തിയ 'സുഗന്ധവിളകളിലെ വേനൽക്കാല പരിചരണം" എന്ന സെമിനാറിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.പി.രാജീവും ഇന്ത്യൻ സൊസൈറ്റി ഒഫ് സ്പൈസസ് സെക്രട്ടറി ഡോ. സി.എൻ. ബിജുവും ചേർന്ന് പുരസ്കാരം കൈമാറി. കുമരകം കൃഷി വിജ്ഞാനം കേന്ദ്രത്തിൽ ചടങ്ങിനെത്തിയ പുരസ്ക്കാര ജേതാവിനെ പ്രോഗ്രാം കോ-ഓഡിനേറ്റർ ഡോ.ജി. ജയലക്ഷ്മിയും, അസി. പ്രൊഫ.ഡോ: മരിയ ഡെയ്നിയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.