ഈരാറ്റുപേട്ട : ഒന്നര വർഷം മുൻപുണ്ടായ വെളളപ്പൊക്കത്തിൽ ഒലിച്ചു പോയ ചിറ്റാറ്റിൻകരപാലത്തിന്റെ കൈവരികൾ പുന:സ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു.
ഈരാറ്റുപേട്ടയിൽ നിന്ന് പൂവത്തോട്, മൂന്നാംതോട്, അമ്പാറനിരപ്പേൽ, ഭരണങ്ങാനം എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പമാർഗം സഞ്ചരിക്കാവുന്ന ഈരാറ്റുപേട്ട - പൂവത്തോട് റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചിറ്റാറിന് കുറുകെ 75 വർഷം മുമ്പ് 25 അടി ഉയരത്തിലും 50 മീറ്റർ ദൈർഘ്യത്തിലുമാണ് പാലം നിർമ്മിച്ചത്. കൈവരി യായി നിർമ്മിച്ചിരുന്നത് ഇരുമ്പ് പട്ടകളിൽ തീർത്ത സംരക്ഷണഭിത്തികളായിരുന്നു. എന്നാൽ പാലത്തിന് ഉയരം കുറവായതിനാൽ ചിറ്റാറിൽ കൂടുത
ലായി വെള്ളം ഉയർന്നാൽ പാലത്തിലൂടെ കരകവിഞ്ഞൊഴുകും. 2019 ലാണ് ചേന്നാട് മാളിക, കരിമ്പനോലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പാലത്തിലൂടെ വെള്ളം കുതിച്ചൊഴുകി കൈവരികൾ തകർന്നത്.
താഴെ ചെക്ക് ഡാമും
പാലത്തിന് തൊട്ടു താഴെയായി ചെക്ക് ഡാം നിർമ്മിച്ചിട്ടുള്ളതിനാൽ വേനൽക്കാലത്ത് പോലും വെള്ളം ഉയർന്ന് നിൽക്കുകയാണ്. അപരിചിത വാഹനങ്ങൾ കണ്ണൊന്ന് തെറ്റിയാൽ അപകടത്തിൽപ്പെടും.
1978 ൽ പൊതുമരാമത്ത് ഏറ്റെടുത്ത റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും കരിങ്കല്ല് കെട്ടി തൂണുകൾ നിർമ്മിച്ചിട്ടുള്ള പാലം അതേപടി തുടരുകയാണ്. കൈവരികൾ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.