
കോട്ടയം: പ്രതി കോടതിക്ക് നല്കിയ രഹസ്യമൊഴിയിലൂടെ കേരള മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടതിന്റെ വ്യാപ്തി കേരള ജനതയ്ക്ക് മനസിലായെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ കെ.പി.എസ് മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സി.പി.എം - ബി.ജെ.പി അന്തർധാരയ്ക്ക് സ്വർണക്കള്ളക്കടത്ത് കേസ് നിമിത്തമായി. കേസിന്റെ ആദ്യഘട്ടത്തിൽ വളരെ സജീവമായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളും സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടിന്റെ ഫലമായി അന്വേഷണങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കലാ കേരളത്തിൽ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും തങ്ങളുടെ ചൊൽപടിയിൽ നില്ക്കുന്നവരെ മാത്രമേ അവർ അംഗീകാരങ്ങളിലേക്ക് ഉയർത്തൂവെന്നും ചലച്ചിത്ര നടൻ സലീംകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ആലപ്പി അഷറഫ്, പി.പി.മുഹമ്മദ് കുട്ടി, ലതികാ സുഭാഷ്, പി.ആർ.സോന, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, തോമസ് കല്ലാടൻ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പ്രിൻസ് ലൂക്കോസ്, മോഹൻ കെ.നായർ, എം.പി. സന്തോഷ് കുമാർ, സോമൻകുട്ടി, , നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, എൻ.എസ്. ഹരിശ്ചന്ദ്രൻ, യൂജിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.