കട്ടപ്പന: ഇടത്‌വലത് മുന്നണികളുടെ ഹിന്ദു വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇടുക്കി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ 15, 16 തിയതികളിൽ ജനജാഗരണ യാത്ര നടത്തും. താലൂക്ക് ജനറൽ സെക്രട്ടറി സജി വാഴപ്പിള്ളിൽ നയിക്കുന്ന യാത്ര 15ന് രാവിലെ 10ന് ചപ്പാത്തിൽ നിന്നാരംഭിക്കും. സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യ ഉദ്ഘാടനം ചെയ്യും. മാട്ടുക്കട്ട, ലബ്ബക്കട, കട്ടപ്പന, ഇരട്ടയാർ, ചെറുതോണി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം 4.30ന് ചേലച്ചുവട്ടിൽ സമാപിക്കും. 16ന് അഞ്ചാംമൈലിൽ നിന്നാരംഭിച്ച് കമ്പിളികണ്ടം, പണിക്കൻകുടി, മേലേചിന്നാർ, തോപ്രാംകുടി, പ്രകാശ്, ഉപ്പുതോട്, പതിനാറാംകണ്ടം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 5ന് മുരിക്കാശേരിയിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.ജി. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് ഇരുമുന്നണികളും മതപീഡനം നടത്തുകയാണ്. ഹിന്ദു വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് ക്ഷേത്രങ്ങൾ തകർക്കാനും ആചാരനുഷ്ടാനങ്ങളെ ആക്ഷേപിച്ചും വിശ്വാസികളെ അവഗണിച്ചും മുന്നോട്ടു പോകുന്നു. മതതീവ്രവാദം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്നും ഭാരവാഹികളായ മോഹൻജി അയ്യപ്പൻകോവിൽ, വി.ജി സുകുമാരൻ, സജി വാഴപ്പിള്ളിൽ എന്നിവർ ആരോപിച്ചു.