പാലാ : പാലാ നഗരസഭാധികാരികളെ യാത്രക്കാർക്ക് നഗരത്തിൽ നേരെ ചൊവ്വേ ഒന്നു വഴി നടക്കാനുള്ള സൗകര്യം ഒരുക്കുമോ ? വാഹനത്തിൽ ചീറിപ്പായുന്നവരുടെയല്ല, നഗരത്തിലൂടെ കാൽനടയായി സഞ്ചരിക്കുന്ന പാവപ്പെട്ട യാത്രക്കാരന്റെ ആവശ്യമാണിത്. നഗരസഭാധികാരികൾ റിവർവ്യൂറോഡിലൂടെ ദിവസം ഒരു തവണയെങ്കിലും സഞ്ചരിക്കുന്നുണ്ടാവുമെന്ന് ഉറപ്പ്.
എന്നിട്ടും കഴിഞ്ഞ ഒരു മാസമായി പാലാ ടൗൺ ഹാളിന്റെ പിന്നിലുള്ള റിവർവ്യൂ റോഡ് ഭാഗത്തെ ഫുട്പാത്തിലേക്ക് നോക്കിയിട്ടുണ്ടോ. അവിടെ നിന്നിരുന്ന ഒരു തണൽമരം ഏതോ വാഹനമിടിച്ച് (അതോ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതോ) ഒടിഞ്ഞു വീണു കിടക്കുന്നത് ഫുട്പാത്തിലേക്കാണ്. ഇതോടെ ഇതു വഴിയുള്ള കാൽനടയാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. ചുരുക്കത്തിൽ വഴിയിൽ ഇറങ്ങി നടക്കേണ്ട ഗതികേടിലാണിപ്പോൾ. ഒപ്പം അപകടഭീഷണിയും. കനത്ത ചൂടിൽ ഇലകൾ കരിഞ്ഞ് കൊഴിഞ്ഞ് ചില്ലകൾ ഉണങ്ങി നിൽക്കുന്ന മരം ഒന്നു വെട്ടി മാറ്റാൻ അരമണിക്കൂർ പോലും വേണ്ട; പക്ഷെ ആര് ചെയ്യാൻ.
തടസം ഇതുമാത്രമല്ല
റിവർവ്യൂറോഡ് ഫുട്പാത്തിൽ ഇതു മാത്രമല്ല തടസം. മരം വീണ തടസത്തിന് കേവലം 50 മീറ്ററിനപ്പുറം ഫുട്പാത്തിൽ തോട്ടപ്പയർ വിത്ത് ഉണക്കാനുള്ള ഇടമായി മാറ്റിയിരിക്കുകയാണ് പരിസരവാസികൾ. പഴയ ഫ്‌ളക്‌സ് ബാനറും ടാർപോളിനുമൊക്കെയിട്ട് മൂടി വിശാലമായി പയർ വിത്തുണക്കൽ. ചോദിക്കാനും പറയാനുമില്ലെങ്കിൽ ഇതല്ല, ഇതിലപ്പുറവും നടക്കും.