പൊൻകുന്നം : പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ നവീകരണജോലികൾ വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിലവിലെ കംഫർട്ട് സ്റ്റേഷൻ നവീകരണം നടത്തുന്നതിനാൽ പകരം സ്ഥാപിച്ചിരുന്ന രണ്ട് താത്കാലിക ടോയ്‌ലെറ്റുകൾ കഴിഞ്ഞ ദിവസം നീക്കി. ചിറക്കടവ് പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ പുതുക്കിപ്പണിയുന്നതിനാൽ പകരം ഉപയോഗത്തിനായി കരാറുകാരനോട് നിർദേശിച്ച് സ്ഥാപിച്ചിരുന്നതാണ് രണ്ട് പ്ലാസ്റ്റിക് കാബിൻ ടോയ് ലെറ്റ്. ഇത് കഴിഞ്ഞ ദിവസം രാത്രി കരാറുകാരന്റെ ചുമതലയിൽ മാറ്റുകയായിരുന്നു. ഒരു മാസത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി കംഫർട്ട്‌സ്റ്റേഷൻ തുറക്കുമെന്നായിരുന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. കംഫർട്ട് സ്റ്റേഷൻ പൂർത്തിയാകാൻ ഇനിയും ആഴ്ചകളെടുക്കും. പ്രതിദിനം മുന്നൂറിലേറെ ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡിൽ ആയിരക്കണക്കിന് യാത്രക്കാരാണ് വന്നുപോകുന്നത്.